കണ്ണൂരില്‍ തുരന്തോ എക്‌സ്‌പ്രസിനു നേരെ കല്ലേറ്
കണ്ണൂർ> കണ്ണൂരില്‍ തുരന്തോ എക്‌സ്‌പ്രസിനു നേരെ കല്ലേറ്. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം. പാപ്പിനിശേരിക്ക് സമീപത്തു വച്ചാണ് കല്ലേറ് ഉണ്ടായത്. ഞായറാഴ്ച രണ്ട് ട്രെയിനുകൾക്ക് നേരെയും കല്ലേറുണ്ടായിരുന്നു. രാത്രി ഏഴിനും 7.30 നുമിടയിലാണ് രണ്ടിടത്തായി ട്രെയിനുകൾക്കുനേരെ കല്ലേറുണ്ടായത്.

തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് അൽപസമയം കഴിഞ്ഞയുടനാണ് കല്ലേറുണ്ടായത്. ട്രെയിനിലെ എവൺ എസി കോച്ചിന്റെ ഗ്ലാസിന് പോറലേറ്റു മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനുനേരെ കണ്ണൂരിനും കണ്ണൂർ സൗത്തിനുമിടയിൽ കല്ലേറുണ്ടായി. ട്രെയിനിന്റെ ജനൽ ഗ്ലാസിന് കേടുപാട് പറ്റി. കല്ലേറിന്റെ ശബ്ദംകേട്ട് യാത്രക്കാർ ടിടിആറിനെ വിവരം അറിയിക്കുകയായിരുന്നു.

നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്ത് ഓക്ക- എറണാകുളം എക്സപ്രസ് ട്രെയിനിന് നേരെയും കല്ലേറുണ്ടായി. ഒരുവർഷം മുമ്പ് കണ്ണൂർ സൗത്തിൽ മലബാർ എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ കോട്ടയം സ്വദേശിനിയായ വിദ്യാർഥിനിക്ക് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു.

