KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ ആദ്യത്തെ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ

സംസ്ഥാനത്തെ ആദ്യത്തെ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുടങ്ങുന്നുവെന്ന് മന്ത്രി വീണ ജോർജ്. രണ്ടാമത് കോട്ടയം മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ സ്‌കിന്‍ ബാങ്കാണിത് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് വെച്ച് ആവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വെച്ചുപിടിപ്പിക്കുകയാണ് സ്‌കിന്‍ ബാങ്കിലൂടെ ചെയ്യുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവര്‍ക്ക് പകരം ത്വക്ക് വെച്ച് പിടിപ്പിച്ചാല്‍ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനാകും എന്നും കൂടാതെ രോഗികളെ വൈരൂപ്യത്തില്‍ നിന്നും രക്ഷിക്കാനുമാകും എന്നും മന്ത്രി പറഞ്ഞു.

 

ഈ മൂന്ന് വര്‍ഷ കാലയളവില്‍ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നീ മെഡിക്കല്‍ കോളേജുകളില്‍ ആധുനിക ബേണ്‍സ് യൂണിറ്റ് സജ്ജമാക്കി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും  തീപ്പൊള്ളലേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കുന്നതിന് ആധുനിക രീതിയിലാണ് ഈ ബേണ്‍സ് യൂണിറ്റുകള്‍ സജ്ജമാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ എന്നീ മെഡിക്കല്‍ കോളേജുകളിലും അത്യാധുനിക ബേണ്‍സ് യൂണിറ്റുകള്‍ എത്രയും വേഗം സാധ്യമാക്കും എന്ന പ്രതീക്ഷയും മന്ത്രി കുറിച്ചു.

Advertisements

 

Share news