സംസ്ഥാന സ്കൂൾ കായികമേള; ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ തിരുവനന്തപുരം ചാമ്പ്യന്മാർ

സംസ്ഥാന സ്കൂൾ കായികമേളയിൽ സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിൽ തിരുവനന്തപുരം ചാമ്പ്യന്മാർ. പാലക്കാട് ജില്ല രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. കേരളത്തിൽ ആദ്യമായി നടക്കുന്ന ഇൻക്ലൂസീവ് സ്പോർട്സ് കായികമേളയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തും. ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ എല്ലാ പരിമിതികളെയും മറികടന്നുള്ള തീ പാറുന്ന പോരാട്ടത്തിനാണ് എറണാകുളം മഹാരാജാസ് ഗ്രൗണ്ട് സാക്ഷിയായത്.

ഒടുവിൽ ആ പോരാട്ടത്തിൽ തിരുവനന്തപുരം ചാമ്പ്യൻമാരായി. പാലക്കാട് ജില്ല രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. ഗ്രൗണ്ടിൽ പയറ്റിതെളിഞ്ഞതാകട്ടെ ഒരുമയുടെ വിജയം. ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ വിവിധ അത്‌ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിലാണ് കുട്ടികൾ മത്സരിച്ചത്. പെൺകുട്ടികൾക്കുള്ള ഹാൻഡ് ബോൾ, ആൺകുട്ടികൾക്കുള്ള ഫുട്ബോൾ, മിക്സഡ് ബാഡ്മിൻ്റൻ, മിക്സഡ് റിലേ, കാഴ്ച പരിമിതർക്കുള്ള 100 മീറ്റർ ഓട്ടം, മിക്സഡ് സ്റ്റാൻഡിംഗ് ത്രോ എന്നീ ഇനങ്ങളിൽ 14 ജില്ലകളിൽ നിന്നുള്ള 1600 ലധികം കായിക താരങ്ങളാണ് മാറ്റുരച്ചത്.

സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ജില്ലാതല പരിശീലനം ലഭിച്ച കുട്ടികളാണു സംസ്ഥാന കായിക മേളയിൽ പങ്കെടുത്തത്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ ചേർത്തുനിർത്തി ചരിത്രത്തിലേക്ക് ചുവടുവെക്കുകയാണ് ഒളിമ്പിക്‌സ് മാതൃകയിലെ ആദ്യ സ്‌കൂൾ കായികമേള.

