മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
.
വിദ്യാഭ്യാസത്തിന് ശേഷം മത്സരപ്പരീക്ഷകൾക്കോ, നൈപുണ്യ പരിശീലനത്തിനോ തയ്യാറെടുക്കുന്ന യുവതീ-യുവാക്കൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയായ മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പഠനം പൂർത്തിയാക്കി തൊഴിലിലേക്ക് കടക്കുന്നതിനിടയിൽ ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയത്.

അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ആയിരം രൂപ വീതം ഒരു വർഷത്തേക്ക് പദ്ധതി വഴി ധനസഹായം ലഭിക്കും. 18 മുതൽ 30 വയസ്സ് വരെയുള്ളവരിൽ പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായ, 5 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്കാണ് മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിക്ക് അർഹതയുള്ളത്.

പദ്ധതിക്ക് ഇതിനോടകം തന്നെ യുവജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടാൻ കഴിഞ്ഞു. മുപ്പത്തിയാറായിരത്തി അഞ്ഞൂറ് അപേക്ഷകലാണ് ഇതുവരെ ലഭിച്ചത്. ഇതിൽ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി, അർഹരായ പതിനായിരം പേരുടെ ആദ്യഘട്ട ലിസ്റ്റ് സർക്കാരിന് കൈമാറി. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക എത്തുക.




