KOYILANDY DIARY

The Perfect News Portal

പകർച്ചവ്യാധി പ്രതിരോധത്തിന് കെ–സിഡിസി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പകർച്ചവ്യാധി, -ഇതര രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കെ–സിഡിസി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ (കെ–സിഡിസി) മാതൃകയിലാണ്‌ പദ്ധതി. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക്‌ സമീപം പബ്ലിക് ഹെൽത്ത് ട്രെയിനിങ്‌ സെന്ററിനോട്‌ അനുബന്ധിച്ച്‌ കെ–സിഡിസി പ്രവർത്തിക്കും.

വിശദ പദ്ധതിരേഖ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ തയ്യാറാക്കും. ധാരണപത്രം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ ഐഐപിഎച്ച് ഡയറക്ടർ ഡോ. ശ്രീധർ കദം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ എന്നിവർ ചേർന്ന്‌ കൈമാറി. കോവിഡ് സമയത്താണ് അമേരിക്കൻ മാതൃകയിൽ സംസ്ഥാനത്ത് പ്രതിരോധ കേന്ദ്രം ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തത്. 2021ലെ ബജറ്റിൽ ഇതിനുള്ള തുക അനുവദിക്കുകയും പ്രത്യേക ഉദ്യോഗസ്ഥനായി ഡോ. എസ് എ ഹാഫിസിനെ നിയമിക്കുകയും ചെയ്തു. “ആഗോളമായി ചിന്തിക്കുക, പ്രാദേശികമായി പ്രവർത്തിക്കുക’ എന്ന മുദ്രാവാക്യം പിന്തുടർന്നാകും കെ– സിഡിസിയുടെ പ്രവർത്തനം.

Advertisements

ആരോഗ്യസുരക്ഷ,  മുൻകൂട്ടിയുള്ള പകർച്ചവ്യാധി നിർണയം, രോഗത്തിന്റെ ഗതിയറിയുക, പൊതുജനാരോഗ്യ വിവരശേഖരണം, ആരോഗ്യ നയശുപാർശകൾ, ഗവേഷണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുക,  ആരോഗ്യപ്രശ്‌നങ്ങൾ തടയുന്നതിന് “ഏകാരോഗ്യം (വൺ ഹെൽത്ത്)’ എന്ന സമീപനം വളർത്തിയെടുക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. വിവരശേഖരണം, ഏകോപനം എന്നിവ ദ്രുതഗതിയിലാക്കുന്നതിന് വിവിധയിടത്ത്‌ കെ- സിഡിസി സാറ്റലൈറ്റ് കേന്ദ്രങ്ങളും സ്ഥാപിക്കും.
 

Advertisements