KOYILANDY DIARY.COM

The Perfect News Portal

ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക്

സ്വാമി ശാശ്വതീകാനന്ദ സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർക്ക്. എസ് എന്‍ ഡി പി യോഗം മുന്‍ പ്രസിഡണ്ട് അഡ്വ. സി കെ വിദ്യാസാഗര്‍ ചെയര്‍മാനും മുന്‍ രാജ്യസഭാ എംപി സി ഹരിദാസ്, എം ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസർ ഡോ. രാജേഷ് കോമത്ത് എന്നിവര്‍ അംഗങ്ങളുമായ ജൂറി ആണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

കഴിഞ്ഞ ഏഴ് ദശാബ്ദമായി കേരളീയ സാമൂഹിക പരിസരത്തിലെ സജീവ സാന്നിധ്യമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെന്ന് അവാർഡ് സമിതി വിലയിരുത്തി. സ്വാതന്ത്ര്യപൂര്‍വ മലബാറിലെ അതിസാധാരണമായ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച്, ആഗോള അംഗീകാരം നേടിയ മുസ്ലിം പണ്ഡിതന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അത്ഭുതകരവും അനിതരസാധാരണവും മുന്‍ മാതൃകകള്‍ ഇല്ലാത്തതുമാണ്.

 

മുസ്ലിം മത പണ്ഡിതന്‍, സമുദായ നേതാവ് എന്നീ നിലകളില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യാനന്തര കേരളത്തിലെ മുസ്ലിം സാമൂഹികതയുടെ സ്വഭാവം നിര്‍ണയിക്കുന്നതില്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ മുസ്ലിം സാമൂഹികതയുടെ കൂടി ഫലവും പരിച്ഛേദമാണ് കേരളീയ പൊതുമണ്ഡലവും വിവിധ മേഖലകളില്‍ കേരളം നേടിയ മാതൃകാപരമായ നേട്ടങ്ങളും. ആ അര്‍ഥത്തില്‍ ആധുനിക കേരളത്തിന്റെ രൂപീകരണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹിക- വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും സമിതി വിലയിരുത്തി.

Advertisements
Share news