“സ്മൃതിപഥം’ നാടിന് സർപ്പിച്ചു

കോഴിക്കോട്: ആധുനികതയും അഴകും സമന്വയിച്ച മാവൂർ റോഡ് ശ്മശാനം “സ്മൃതിപഥം’ നാടിന് സർപ്പിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തു. മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. ഓരോ മനുഷ്യജീവിതത്തെയും വിലമതിച്ച് ആദരവോടെ അന്ത്യയാത്രയേകാനുള്ള അന്തരീക്ഷമാണ് കോഴിക്കോട് കോർപറേഷൻ യാഥാർഥ്യമാക്കിയത്. എംഎൽഎ ഫണ്ടിൽനിന്ന് 2.28 കോടി രൂപയും കോർപറേഷന്റെ 4.92 കോടി രൂപയും ഉപയോഗിച്ചാണ് നിർമാണം. നാല് വാതകച്ചൂള, ഒരു വൈദ്യുതിച്ചൂള, രണ്ട് പരമ്പരാഗത ചൂള എന്നിവയാണുള്ളത്.

മരണാനന്തര ചടങ്ങിനുള്ള ലോഞ്ച്, ചടങ്ങിനുള്ള സാധനങ്ങളെല്ലാം ലഭിക്കുന്ന “കിയോസ്‌ക്’, ചിതാഭസ്‌മം സൂക്ഷിക്കാനുള്ള ലോക്കർ, അനുശോചന യോഗത്തിനുള്ള ഹാൾ, ലൈവ് സ്ട്രീമിങ്ങിലൂടെ സംസ്കാരം കാണാനുള്ള സൗകര്യം തുടങ്ങിയവയും ഇവിടെയുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ പുകയോ ഗന്ധമോ പുറത്തുവരില്ല. മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർക്കാണ് സ്‌മൃതിപഥം ആദ്യമായി യാത്രാമൊഴിയേകിയത്. ഉദ്‌ഘാടന തീയതി തീരുമാനിച്ചിരുന്നെങ്കിലും അതെല്ലാം മാറ്റിവച്ച് എം ടിയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.


വാതകച്ചൂള തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും ലൈവ് സ്‌ട്രീമിങ് അഹമ്മദ് ദേവർകോവിൽ എംഎൽഎയും ഉദ്‌ഘാടനം ചെയ്‌തു. ‘സ്‌മൃതിപഥം’ നാമകരണം പ്രഖ്യാപനം മുൻ എംഎൽഎ എ പ്രദീപ് കുമാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ എസ് ജയശ്രീ, പി ദിവാകരൻ, കൗൺസിലർമാരായ കെ സി ശോഭിത, നവ്യ ഹരിദാസ്, സൂപ്രണ്ടിങ് എൻജിനിയർ എം എസ് ദിലീപ്, ടി പി ദാസൻ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് സ്വാഗതവും ഡോ. മുനവർ റഹ്മാൻ നന്ദിയും പറഞ്ഞു.

