ആറാമത് നവമലയാളി പുരസ്ക്കാരം ശശികുമാറിന്

തൃശൂർ: ആറാമത് നവമലയാളി പുരസ്ക്കാരത്തിന് പ്രസിദ്ധ മാധ്യമ പ്രവർത്തകനായ ശശികുമാർ അർഹനായി. മാധ്യമ പ്രവർത്തനത്തെ സത്യാനന്തരകാലത്തും അർത്ഥവത്തായി നിലനിർത്താൻ ശശി കുമാർ നടത്തുന്ന ശ്രമങ്ങൾക്ക് നൽകുന്ന ആദരം എന്ന നിലയ്ക്കാണ് ഈ പുരസ്ക്കാരം നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.

മാനവികതയേയും സാമൂഹ്യപുരോഗതിയേയും സാംസ്കാരികാരോഗ്യത്തേയും മുൻനിർത്തി വിവിധ മേഖലകളിൽ ഗണ്യമായ സംഭാവനകൾ അർപ്പിച്ച വ്യക്തികൾക്ക് നൽകുന്ന ഈ പുരസ്ക്കാരം നവമലയാളി ഓൺലൈനാണ് നൽകുന്നത്.

പി എൻ ഗോപീകൃഷ്ണൻ, അബ്ദുൽ ഗഫൂർ, അഡ്വ വി എൻ ഹരിദാസ് എന്നിവർ അംഗങ്ങളായ ജൂറിയാണ് ശശികുമാറിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഓഗസ്റ്റ് 24 ന് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ വെച്ച് ശശികുമാറിന് നൽകി ആദരിക്കും.

