വധശ്രമ കേസ് അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ വെടിവെച്ചു; രക്ഷപെട്ട പ്രതി പിടിയിൽ
കണ്ണൂർ: വധശ്രമ കേസ് അന്വേഷിക്കാൻ വീട്ടിൽ എത്തിയ എസ്ഐക്കും പൊലീസുകാർക്കും നേരെ വെടിവെച്ച് രക്ഷപെട്ട പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി റോഷനാണ് പിടിയിലായത്. നവംബർ മൂന്നിനായിരുന്നു സംഭവം. അയൽവാസികളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷിക്കാൻ റോഷന്റെ വീട്ടിലെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. റോഷന്റെ പിതാവ് ബാബു ഉമ്മൻ (70) ആണ് പൊലീസിനുനേരെ വെടിയുതിർത്തത്.

വളപട്ടണം എസ്ഐ നിധിനും സംഘവുമായിരുന്നു അന്വേഷണത്തിനെത്തിയത്. വീട്ടിനകത്ത് കയറിയ ബാബു ഉമ്മൻ റിവോൾവർ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയം കൊണ്ട് റോഷൻ ഓടി രക്ഷപെട്ടു. ബാബു ഉമ്മനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എറണാകുളത്ത് ഉണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് റോഷനെ പിടികൂടിയത്.

