ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി റമസാൻ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു

കക്കോടി: പരിശുദ്ധമായ റംസാൻ ദാന ധർമങ്ങൾക്ക് ഏറെ മഹത്വവും പ്രതിഫലവുമുണ്ടാകുന്ന മാസമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിൻ ഹാജി പറഞ്ഞു. ആത്മാർത്ഥമായ ദാന ധർമങ്ങൾ അല്ലാഹു സ്വീകരിച്ചാൽ നിശ്ചയിച്ച ആയുസിൽ പോലും മാറ്റമുണ്ടാകുമെന്നും അതാണ് ധർമത്തിന്റെ പ്രാധാന്യമെന്നും കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മൂന്നാം ഘട്ട റമസാൻ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
.

.
അതുകൊണ്ടാണ് മറ്റേത് മതത്തേക്കാളും ദാനധർമം ഇസ്ലാം മതം പ്രോത്സാഹിപ്പിക്കുന്നതെന്നും കാരുണ്യത്തിന്റെ കേദാരമായിരുന്നു മഹാനായ ശിഹാബ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മിറ്റി ചെയർമാൻ കെ.പി മജീദ് അധ്യക്ഷനായി. മഹല്ല് ഖത്തീബ് അബ്ദുറഹിമാൻ ദാരിമി പ്രാർത്ഥന നടത്തി. എം.ഇ.എസ് ജില്ലാ പ്രസിഡണ്ട് പി.കെ അബ്ദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കൺവീനർ എ.കെ ജാബിർ കക്കോടി, കെ.കെ ഉബൈസ്, റീജ കക്കോടി എന്നിവർ സംസാരിച്ചു. നിർദ്ധനർക്കുള്ള സാമ്പത്തിക സഹായ വിതരണവും നടന്നു.
