ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്‌മയ്‌ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: തിരുവനന്തപുരം സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്‌മയ്‌ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുര്യങ്കര ജെപി ഹൗസിൽ ജയരാജിൻറെ മകനും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയുമായ ഷാരോണിനെയാണ് ഗ്രീഷ്‌മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയത്.

ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലർന്ന കഷായം നൽകുകയും ആശുപത്രിയിലായ ഷാരോൺ 2022 ഒക്ടോബർ 25ന് മരിച്ചുവെന്നുമാണ് കേസ്. ജസ്‌റ്റിസ് സി പി മുഹമ്മദ് നിയാസാണ് ഹർജി പരിഗണിച്ചത്. കേസിലെ മറ്റു പ്രതികളായ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനും, അമ്മാവൻ നിർമ്മല കുമാരനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

