KOYILANDY DIARY.COM

The Perfect News Portal

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ നാളെ എസ്.എഫ്.ഐ പഠിപ്പ് മുടക്കുമെന്ന്

കലോത്സവ കേന്ദ്രങ്ങളിൽ സംഘർഷമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷടിക്കാൽ ശ്രമിക്കുന്ന എം എസ് എഫ് – കെ എസ് യു സഖ്യത്തിൻ്റെ കിരാത ശ്രമങ്ങൾക്കെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ നാളെ എസ്.എഫ്.ഐ പഠിപ്പ് മുടക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. നിയന്ത്രിക്കുന്ന യൂണിവേഴ്സിറ്റി യൂണിയൻ. മലപ്പുറം സോണൽ കലോത്സവത്തിന് അപ്പീൽ നൽകാൻ വേണ്ടി പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ പോയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് സ്റ്റുഡൻ്റ്സ് യൂണിയൻ ഭാരവാഹികളായ പെൺകുട്ടികളുൾപ്പെടെയുള്ളവരെ സംഘാടകരായ എം എസ് എഫ് നേതാക്കൾ ഭീകരമായി മർദ്ദിച്ചത് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ്.

 

തൃശൂർ സോണൽ കലോത്സവത്തിൻ്റെ സ്ഥിതിയും മറ്റൊന്നല്ല. വിധി നിർണ്ണയത്തിലുണ്ടായ പാളിച്ച ചൂണ്ടിക്കാണിച്ച വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെയാണ് കെ എസ് യു ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ അതിഭീകരമായി മർദ്ദിച്ചത്. കലോത്സവങ്ങൾ കൃത്യമായി സംഘടിപ്പിക്കാൻ അറിയാതെ അപ്പീലും പരാതികളും വരുമ്പോഴേക്കും വിദ്യാർത്ഥികളെ മർദ്ദിക്കുന്നത് യൂണിവേഴ്സിറ്റി യൂണിയൻ്റെ കഴിവ് കേടാണ് വിളിച്ചോതുന്നത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കെ എസ് യു കുത്തകയായിരുന്ന കാലത്താണ് ഇതുപോലൊരു യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിൽ വെച്ച് തൃശൂർ കുട്ടനെല്ലൂർ ഗവണ്മെൻ്റ് കോളേജിലെ യൂണിയൻ ഭാരവാഹിയും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന കൊച്ചനിയനെ കെ എസ് യു ഗുണ്ടകൾ കുത്തിക്കൊന്നത്. സമാനമായ രീതിയിൽ കോളേജ് യൂണിയൻ ഭാരവാഹികളെയും, എസ്എഫ്ഐ പ്രവർത്തകരെയും കലോത്സവ വേദികളിൽ വെച്ച് തെരഞ്ഞ്പിടിച്ച് ആക്രമിക്കുകയാണ് എം എസ് എഫ് – കെ എസ് യു ഗുണ്ടാസംഘം.

Advertisements

വിദ്യാർത്ഥികളുടെ കൈയ്യിൽ നിന്ന് പിരിച്ചെടുത്ത പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി യൂണിയൻ്റെ കലോത്സവങ്ങൾ ഗുണ്ടാ വിളയാട്ടത്തിൻ്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയനും, അതിനെ നിയന്ത്രിക്കുന്ന എം എസ് എഫ് – കെ എസ് യു സംഘടനകളും കലോത്സവ വേദികളിൽ നടത്തുന്ന ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ നാളെ എസ്.എഫ്.ഐ പഠിപ്പ് മുടക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

Share news