KOYILANDY DIARY.COM

The Perfect News Portal

ലൈംഗിക അധിക്ഷേപക്കേസ്: ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ലൈംഗിക അധിക്ഷേപക്കേസിൽ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ജാമ്യാപേക്ഷയിലെ പ്രധാന വാദം. ജാമ്യാപേക്ഷയില്‍ കോടതി പോലീസിന്‍റെ വിശദീകരണം തേടിയിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്.

ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടും. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിച്ചെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചേക്കും. പൊതു ഇടങ്ങളിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും കോടതി ഓർമിപ്പിച്ചിരുന്നു. സമാന കുറ്റവും പരാമർശങ്ങളും ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ജാമ്യാപേക്ഷയിൽ ബോബി ചെമ്മണ്ണൂർ വാദിച്ചത്.

 

വെള്ളിയാ‍ഴ്ച ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തനിയ്ക്കു നേരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് പരാതി നല്‍കി 24 മണിക്കൂര്‍ തികയും മുമ്പാണ് പോലീസ് കര്‍ശന നടപടിയിലേയ്ക്ക് കടന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 75-ാം വകുപ്പിലെ വിവിധ ഉപവകുപ്പുകള്‍ പ്രകാരവും സാമൂഹ്യ മാധ്യമങ്ങള്‍ വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി അപമാനിച്ചതിന് ഐടി ആക്ടിലെ 67- ാം വകുപ്പും ഉള്‍പ്പടെ ജാമ്യമില്ലാ കുറ്റങ്ങളാണ് ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Advertisements

 

 

 

അതേ സമയം, മുൻകൂർ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിഷയത്തിൽ പൊലീസിന്റെ നിലപാട് തേടി. മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 27ന് വീണ്ടും പരിഗണിക്കും. ബോബി ചെമ്മണൂർ പ്രതിയായ കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഹുൽ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ‍ പൊലീസിന്റെ നിലപാട് അറിയട്ടെ എന്നു വ്യക്തമാക്കി ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ആണ് ജാമ്യാപേക്ഷ മാറ്റിയത്.

Share news