കോൺഗ്രസിൽ ലൈംഗിക ആരോപണങ്ങൾ വീണ്ടും ഉയരുന്നു

കോൺഗ്രസിൽ ലൈംഗിക ആരോപണങ്ങൾ തുടർക്കഥയാകുകയാണ്. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിനെതിരെ വനിതാ നേതാവിൻ്റെ പരാതി. ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഭാരവാഹിയാണ് പരാതിക്കാരി. വ്യാജ അശ്ലീല വീഡിയോ പുറത്തിറക്കി അപമാനിച്ചുവെന്നാണ് വനിതാ നേതാവിന്റെ പരാതി.

ഇത്തരമൊരു പരാതി കോൺഗ്രസ് നേതാക്കന്മാരോട് പറഞ്ഞെങ്കിലും തനിക്ക് യാതൊരു വിധ നീതിയും പാർട്ടിയിൽ നിന്നും ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. മാറിമാറി വന്ന കെപിസിസി അധ്യക്ഷൻ മാർക്കെല്ലാം പരാതി നൽകിയിരുന്നു. എന്നാൽ നേതാക്കൾ മുഖവിലയ്‌ക്കെടുക്കാൻ തയ്യാറായില്ല. ഷാഫി പറമ്പിലിന്റെ സഹഭാരവാഹിയായിരുന്നു ശോഭ സുബിൻ. എന്നാൽ ഷാഫി പറമ്പിലും പരാതിയിൽ യാതൊരു നടപടിയും എടുക്കാൻ തയ്യാറായില്ല.


ടി എൻ പ്രതാപൻ, എം ലിജു, കെ പി അനിൽകുമാർ, വി കെ ശ്രീകണ്ഠൻ
തുടങ്ങിയവർക്കും താൻ പരാതി നൽകിയെന്നും എന്നാൽ ശോഭാ സുബിനായി നേതാക്കൾ സംരക്ഷണ കവചം ഒരുക്കുകയാണ് ഉണ്ടായത് എന്നും പരാതിക്കാരി പറയുന്നു. ഇപ്പോൾ മാനഹാനി കാരണം ജീവിക്കാൻ ആകുന്നില്ലെന്നും തനിക്ക് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കേണ്ട അവസ്ഥ ഉണ്ടായെന്നും ഇവർ പറയുന്നു. അതേസമയം സത്യം തെളിയിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും വനിതാ നേതാവ് പറഞ്ഞു. താൻ നീതിക്കായി കാത്തിരിക്കുന്നുവെന്നും അവർ പറഞ്ഞു.


