KOYILANDY DIARY.COM

The Perfect News Portal

സജിത കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍

.

പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ മറ്റന്നാള്‍ വിധി പറയുക. കേസില്‍ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് പോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗം വാദിച്ചു. സമൂഹത്തെ ബാധിക്കുന്ന കേസോ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസോ അല്ലെന്ന് പ്രതിഭാഗം വാദിച്ചു. മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലാതിരുന്നയാളല്ല ചെന്താമരയെന്നും പ്രതിഭാഗം വാദിച്ചു.

ചൊവ്വാഴ്ചയാണ് കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പൊലീസ് കണ്ടെത്തിയ കുറ്റങ്ങളെല്ലാം പ്രതി ചെയ്തുവെന്ന് ജഡ്ജ് പ്രസ്താവിച്ചു. ഭാവഭേദങ്ങള്‍ ഇല്ലാതെ വിധി കേട്ട ചെന്താമര, വിധിയെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു കോടതിയെ അറിയിച്ചത്. വിധിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും മൗനമായിരുന്നു ചെന്താമരയുടെ മറുപടി.

Advertisements

 

2019 ഓഗസ്റ്റ് 31 നായിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശിനി സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. ഭാര്യയും മകളും തന്നെ വിട്ടു പോയത്, സജിത കാരണമാണെന്ന സംശയത്തെ തുടര്‍ന്ന് വീട്ടില്‍ കയറി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സജിതയെ ആക്രമിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ചെന്താമരയെ സാഹസികമായി പിടികൂടി പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തില്‍ ഇറങ്ങി ചെന്താമര, പക തീരാതെ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും, സുധാകരന്റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി.

 

2020ല്‍ പൊലീസ് സജിത കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സാക്ഷിവിസ്താരം തുടങ്ങിയത്. കേസില്‍ ചെന്താമരയുടെ ഭാര്യ, സഹോദരന്‍, സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ചെന്താമരക്കെതിരായി കോടതിയില്‍ മൊഴി നല്‍കി. കൊലപാതകം നടന്നിടത്ത് നിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളും ലഭിച്ചതും കേസില്‍ നിര്‍ണായകമായിയെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം ജെ വിജയ് കുമാര്‍ പറഞ്ഞു.

Share news