75 ന്റെ നിറവിലും അഭിനയരംഗത്ത് തിളങ്ങി നിൽക്കുന്ന സുലോചന കുന്നുമ്മലിന് സീനിയർ ഫോറത്തിന്റെ ആദരം

ചേവായൂർ: ജീവിതസായാഹ്നത്തിലും അഭിനയ രംഗത്ത് മികവാർന്ന ചുവടുകൾ വെയ്ക്കുന്ന സുലോചന കെ. കുന്നുമ്മലിനെ സീനിയർ സിറ്റിസൺസ് ഫോറം ആദരിച്ചു. “നാരായണിയുടെ മൂന്ന് ആൺ മക്കൾ” എന്ന സിനിമയിലെ ശ്രദ്ധേയമായ അഭിനയത്തിനാണ് ബഹുമതി. വാർദ്ധക്യ ദശയിൽ വീടിൻറെ അകത്തളങ്ങളിൽ അമർന്ന് കഴിയുന്ന മുതിർന്ന പൗരന്മാർക്ക്, അവരുടെ കലാവൈഭവങ്ങൾ പുറത്തു കൊണ്ടു വരുവാനും, അവരെ മാനസികോല്ലാസത്തിൻ്റെ പാതയിലേക്ക് തിരിച്ചു വിടാനും കേരള സ്റ്റേറ്റ് സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് കോർപ്പറേഷൻ മേഖല കമ്മിറ്റി രൂപം കൊടുത്ത വേദിയാണ് “സായം 2025”.

ചേവായൂർ സി.ജി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംഘടനയുടെ മുൻ സ്റ്റേറ്റ് സെക്രട്ടറിയും, മുതിർന്ന നേതാവുമായ പൂതേരി ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. രാധാകൃഷ്ണൻ, സംസ്ഥാന മുൻ സെക്രട്ടറി ടി. ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ. എം ശ്രീധരൻ, ജില്ലാ വൈസ് പ്രസിഡണ്ട് രാജപ്പൻ നായർ എന്നിവർ സംസാരിച്ചു. സി.ജി അഡ്മിനിസ്ട്രേറ്റർ ഹക്കീം, വിൽഫ്രഡ് ആന്റണി, ഡി. സുരേഷ്, എഴുത്തുകാരനും പരിശീലകനുമായ ഹേമ പാലൻ, കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി എന്നിവർ സന്നിഹിതരായി.

തുടർന്ന് നടന്ന കോലാട്ട് നാടകം, കരാട്ടെ, ചെങ്ങോട്ടുകാവ് ഗ്രൂപ്പ് സ്വാഗത ഗാനം, ബാല താരങ്ങളുടെ നൃത്തങ്ങൾ, കവിതാലാപനം, സംഗീതാലാപനം എന്നിവയും ശ്രദ്ധേയമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ തെളിമയോടെ ഇത്തരം പരിപാടികൾക്ക് രൂപം കൊടുക്കാൻ ആലോചനയുണ്ടെന്നും സംഘാടകർ പറഞ്ഞു.
