മുതിർന്ന കോൺഗ്രസ് നേതാവ് കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 89 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും. വി പി സിംഗിൻ്റെ മന്ത്രിസഭയിൽ അംഗമായിരുന്നു. രണ്ട് തവണ വടകരയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1936 സെപ്റ്റംബർ 20ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഇ കുഞ്ഞിക്കണ്ണൻ നായരുടെ മകനായി ജനിച്ചു. ചെന്നൈ മദ്രാസ് ക്രിസ്ത്യൻ കോളേജ്, പ്രസിഡൻസി കോളേജ്, ഗവൺമെന്റ് ലോ കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി. വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പിന്നീട് 1960ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമാവുകയും 1962 മുതൽ എ ഐ സി സി അംഗമായി പ്രവർത്തിക്കുകയും ചെയ്തു.




