KOYILANDY DIARY.COM

The Perfect News Portal

വയോജന കൂട്ടായ്മ സംഗീത സായന്തനം സംഘടിപ്പിച്ചു

കൊയിലാണ്ടി: ജഗദാനന്ദ കാരകാ… പാടി വയോജനങ്ങൾ. സംഗീത പഠനത്തിന് പ്രായം ഒരു തടസ്സമല്ലെന്നും ജീവിത സായാഹ്നങ്ങളെ പുത്തനുണർവ്വിന്റെ പുലർ വേളകളാക്കാമെന്നും തെളിയിച്ചു കൊണ്ട് വയോജന കൂട്ടായ്മ സംഗീത സായന്തനം സംഘടിപ്പിച്ചു. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ നടന്ന സംഗീത സായന്തനത്തിൽ സംഗീത പഠന ക്ലാസ്സിലെ മുതിർന്ന പൗരന്മാരായ പഠിതാക്കളാണ് പരിപാടികൾ അവതരിപ്പിച്ചത്.
കർണാടക സംഗീതത്തിലെ പ്രസിദ്ധമായ ത്യാഗരാജ സ്വാമികളുടെ ജഗദാനന്ദ കാരകാ എന്ന പഞ്ചരത്ന കീർത്തനങ്ങളും, ഒപ്പം മുത്തുസ്വാമി ദീക്ഷിതരുടേയും പുരന്ദര ദാസരുടേയും കീർത്തനങ്ങളും ഇവർ ആലപിച്ചു. സംഗീത പഠനത്തിലൂടെ ജീവിതത്തിനു തന്നെ ഒരു നവോന്മേഷം കൈവന്നതായി ഇവരിൽ പലരും അഭിപ്രായപ്പെട്ടു. നാലു വർഷത്തോളമായി ചെങ്ങോട്ടുകാവിലെ ശ്രീ രാമാനന്ദാ ആശ്രമം സ്കൂൾ കേന്ദ്രീകരിച്ചു സംഗീതജ്ഞൻ പാലക്കാട് പ്രേം രാജിന്റെ ശിക്ഷണത്തിൽ സംഗീതം പഠിക്കുന്ന ഇവരിൽ ഏറിയ പങ്കും സ്ത്രീകൾ തന്നെയാണ്.
പക്കമേളക്കാരായി വയലിനിൽ പുഷ്പാ പ്രേം രാജും, മൃദംഗത്തിൽ പന്തലായനി രാമകൃഷ്ണനും, തബലയിൽ ബാലകൃഷ്ണൻ കരുവന്നൂരും, കീ ബോർഡിൽ അശ്വിൻ പി. പ്രേമും അകമ്പടി സേവിച്ചു. മുതിർന്നവരുടെ മാനസികവും ശാരീരികവുമായ സ്വാസ്ഥ്യത്തിന് ഇത്തരം കലകൾക്കുള്ള പങ്ക് വളരെ വലുതാണെന്നും, ഇവർ പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും ആമുഖ ഭാഷണത്തിൽ കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സെക്രട്ടറി സോമൻ ചാലിൽ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ ഒക്ടോബർ 1 ന് മലരി കലാമന്ദിരം നടത്തുന്ന നവരാത്രി സംഗീതോത്സവത്തിലും ഇവർ പരിപാടികൾ അവതരിപ്പിക്കുന്നു.
Share news