KOYILANDY DIARY

The Perfect News Portal

ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ സൗകര്യം ഒരുക്കും: മന്ത്രി ശിവൻ കുട്ടി

ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ സൗകര്യം ഒരുക്കും: മന്ത്രി വി. ശിവൻ കുട്ടി. ഇരുചക്ര വാഹനങ്ങളില്‍ രക്ഷിതാക്കൾക്കൊപ്പം കുട്ടികളേയും ഇരുത്തി യാത്ര ചെയ്താല്‍ പിഴ ഈടാക്കുന്ന നടപടിയിൽ പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനം. കേന്ദ്ര നിയമമായതിനാല്‍ ഇളവ് ചെയ്യുന്നതില്‍ പരിമിതികളുണ്ടെന്നും മെയ് 10ന് ഗതാഗത മന്ത്രി വിളിച്ച യോഗത്തില്‍ എല്ലാ കാര്യവും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥ. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്രത്തിന് മാത്രമെ സാധിക്കുകയുള്ളൂ. പ്രയാസം കുറച്ച് ദിവസത്തേക്ക് ഉണ്ടാകും രക്ഷിതാക്കളും കുട്ടികളും നിയമം പാലിക്കണമെന്നും, ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടിയടക്കം മൂന്ന് പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാല്‍ പിഴ ഈടാക്കുന്ന നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. നടപടിയെ വിമര്‍ശിച്ച് എം.എല്‍.എ കെ.ബി ഗണേഷ്‌കുമാറും രംഗത്തെത്തിയിരുന്നു. നിയമം നടപ്പിലാക്കുന്നവര്‍ക്ക് കാറ് വാങ്ങാന്‍ പൈസ കാണും. എന്നാല്‍ സാധാരണക്കാര്‍ക്ക് അതില്ലെന്നത് നിയമം നടപ്പാക്കുന്നവര്‍ ഓര്‍ക്കണമെന്നും, ഭാര്യക്കും ഭര്‍ത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കില്‍ കൊണ്ടു പോകുന്നതിന് ഫൈന്‍ അടിക്കുന്നത് ദ്രോഹമാണെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. പ്രായോഗികമല്ലാത്ത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് വലിയ അപകടങ്ങള്‍ ഉണ്ടാക്കുമെന്നും എംഎല്‍എ പറഞ്ഞു.

Advertisements