ഗാസയിൽ അഭയാർഥികളുള്ള സ്‌കൂളുകളും മസ്‌ജിദുകളും തകർത്തു. 15 പേർ കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഗാസയിൽ അഭയാർഥികളുള്ള സ്‌കൂളുകളും മസ്‌ജിദുകളും ലക്ഷ്യമിട്ട് നിരന്തര ആക്രമണങ്ങളുമായി ഇസ്രയേൽ. ഐക്യരാഷ്‌ട്ര സംഘടനയുടെ അഭയാർഥി ക്യാമ്പുള്ള അൽ ഫഖൂറ സ്‌കൂളിൽ ശനിയാഴ്‌ച നടത്തിയ ബോംബാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 54 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഭൂരിഭാഗവും സ്‌ത്രീകളും കുട്ടികളുമാണ്.

മൃതദേഹങ്ങൾ ഛിന്നഭിന്നമായി. ശരീരാവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് സഞ്ചിയിലാണ് ശേഖരിച്ചതെന്ന് പലസ്‌തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. അൽഷിഫ ആശുപത്രിയിൽനിന്ന് രോഗികളുമായി പോയ ആംബുലൻസ് വ്യൂഹത്തിനുനേരെ വെള്ളിയാഴ്‌ചയുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. തെക്കൻ ഗാസയിലെ അലി ബിൻ അബി താലിബും അൽ-സബ്ര പരിസരത്തുള്ള അൽ-ഇസ്തിജാബ മസ്ജിദും ബോംബാക്രമണത്തിൽ തകർന്നു.

ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9488 ആയി. 3900 പേർ കുട്ടികളാണ്. 24 മണിക്കൂറിനുള്ളിൽ 231 പേർ മരിച്ചു. ഇന്ധനമില്ലാതെ ബുദ്ധിമുട്ടുന്ന ഗാസയിൽ ഊർജ ആവശ്യങ്ങൾക്ക് അവസാന ആശ്രയമായ സൗരോർജ പാനലുകളും വ്യാപകമായി ഇസ്രയേൽ തകർത്തു. വടക്കൻ ഗാസയിൽ ഇനിയും നാലുലക്ഷത്തോളം പേർ തുടരുന്നുണ്ടെന്ന് അമേരിക്കൻ പ്രത്യേക ദൂതൻ ഡേവിഡ് സാറ്റർഫീൽഡ് പറഞ്ഞു. പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നു.


പത്തുലക്ഷത്തോളം പേർ വടക്കൻ ഗാസയിൽനിന്ന് ഒഴിഞ്ഞുപോയി. ബാക്കിയുള്ളവർക്ക് ഒഴിഞ്ഞു പോകാൻ സലാ അൽ-ദിൻ റോഡ് മൂന്നു മണിക്കൂർ തുറന്നുകൊടുക്കുമെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ലെബനന്റെ കാവൽ പ്രധാനമന്ത്രി നജീബ് മിക്കാറ്റി, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി എന്നിവരുമായി ചർച്ച നടത്തി.

