ശശിവർണ്ണിക ചുമർ ചിത്രം പ്രകാശനം ചെയ്തു

കൊയിലാണ്ടി: സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാര ജേതാവായിരുന്ന കലാകാരൻ ശശി കോട്ടിൻ്റെ സ്മരണാർഥം പൂക്കാടിൽ സജീഷ് ഉണ്ണി – ശ്രീജിത്ത് മണി സ്മാരക സേവാ സമിതിയിൽ നിർമ്മിച്ച ചുമർ ചിത്രം “ശശിവർണ്ണിക” പ്രകാശനം ചെയ്തു. പൂക്കാട് കലാലയം പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി അനാച്ഛാദനം നിർവ്വഹിച്ചു. ഭാസ്കരൻ കേളോത്ത്, വി. രാമചന്ദ്രൻ, കെ.പി.സത്യൻ, സി.അനുപമ, കെ.പി. വിജയൻ, വി.അബിഷ എന്നിവർ സംസാരിച്ചു.

ചമയക്കാരൻ, രംഗപട സംവിധായകൻ, ശില്പി തുടങ്ങി നിരവധി കലാ മേഖലകളിൽ പ്രതിഭാധനനായിരുന്ന ശശി കോട്ടിൻ്റെ ശിഷ്യരും ചേമഞ്ചേരി പ്രദേശത്തെ ചിത്രകാരമാരും ചിത്ര സമർപ്പണമായാണ് ചുമർ ചിത്രം അണിയിച്ചൊരുക്കിയത്. തുടർന്ന് സമിതിയുടെ വസന്തോത്സവം 2025ൻ്റെ ഭാഗമായി കായിക മത്സരങ്ങൾ, സാംസ്കാരിക സദസ്സ്, അനുമോദനം, കലാസന്ധ്യ, വിനോദ ഭാവന, തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ, കരോക്ക ഗാനമേള എന്നിവ നടന്നു.

ശശിവർണ്ണികയിൽ പങ്കാളികളായ യു.കെ. രാഘവൻ, എം.കെ. രമേശ്, സുരേഷ് ഉണ്ണി, കെ.വി. ബിജു, വി.കെ. പ്രശാന്ത്, എസ്.ബി.ആതിര, സി.പി. ബിജു, വി.കെ. ബിജു, അഖിൽ കുമാർ, മോഹനൻ ചോയ്ക്കാട്ട് എന്നിവർ പ്രകാശന കർമ്മത്തിൽ സന്നിഹിതരായിരുന്നു.
