KOYILANDY DIARY

The Perfect News Portal

സജി ചെറിയാന് മന്ത്രിസഭയിലേക്ക് മടങ്ങിയെത്തും: ഇന്ന് സിപിഐ(എം) സെക്രട്ടറിയേറ്റ്

സജി ചെറിയാന് മന്ത്രിസഭയിലേക്ക് മടങ്ങിയെത്തും. എകെജി സെന്ററില്‍ ഇന്നു ചേരുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചില്ലെന്നു കാണിച്ച് പൊലീസ് കേസ് അവസാനിപ്പിക്കുകയും, കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് നീക്കം.

ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് സജി ചെറിയാന്റെ രാജി വച്ചത്. പകരം മറ്റൊരാള്‍ക്ക് സിപിഐഎം മന്ത്രിസ്ഥാനം കൈമാറിയിരുന്നില്ല. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന സാംസ്‌കാരിക വകുപ്പ് വി.എന്‍. വാസവനും ഫിഷറീസ് വകുപ്പ് വി. അബ്ദുറഹിമാനും യുവജനക്ഷേമം പി.എ. മുഹമ്മദ് റിയാസിനും വീതിച്ചു നല്‍കുകയായിരുന്നു. പൊലീസിന്റെ കണ്ടെത്തല്‍ അനുകൂലമായാല്‍ അദ്ദേഹത്തിന് മന്ത്രിസഭയിലേക്ക് മടങ്ങിയെത്താന്‍ കഴിയും വിധമായിരുന്നു ക്രമീകരണം.

സജി ചെറിയാന് എതിരായുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി തിരുവല്ല ഡിവൈഎസ്പി കഴിഞ്ഞ ദിവസമാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തെളിവുശേഖരണം സാധ്യമല്ല എന്നും ഭരണഘടനയെ അവഹേളിക്കണമെന്ന് ലക്ഷ്യത്തോടെ അല്ലായിരുന്നു പ്രസംഗം എന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Advertisements

ഇതേ വിഷയത്തില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ മടങ്ങി വരവിന് കളമൊരുങ്ങുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി രാജിവെച്ച ഇ.പി. ജയരാജനും വിജിലന്‍സ് കുറ്റവിമുക്തനാക്കിയപ്പോള്‍ തിരിച്ചെത്തിയിരുന്നു.