ശബരിമല ശില്പപാളിയിലെ സ്വർണ്ണം പൂശൽ വിവാദം: ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണം പൂശൽ വിവാദത്തിൽ ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദ്വാരപാലക ശിൽപ പാളി ചെമ്പെന്ന് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു.

2019 ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന ബി മുരാരി ബാബുവിനെതിരെയാണ് ഇന്നലെ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം നടപടിയെടുത്തത്. ഇന്നും ദേവസ്വം ബോർഡ് യോഗം ചേരുന്നുണ്ട്. ദേവസ്വം വിജിലൻസ് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കും. ഇവരുടെ പെൻഷൻ അടക്കം തടഞ്ഞുവെക്കാൻ ആണ് ഉദ്ദേശിക്കുന്നത്. സ്പോൺസർമാരുടെ കാര്യത്തിൽ പുതിയ വ്യവസ്ഥ കൊണ്ടുവരാനും ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്.

വിജിലൻസിൻറെ അന്തിമ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

