ശബരിമല സ്വർണ്ണ മോഷണം: എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും
.
ശബരിമല സ്വർണ്ണ മോഷണ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ് ഐ ടി ഇന്ന് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. കട്ടിള പാളിയിൽ നിന്നും ദ്വാരപാലക ശില്പ പാളിയിൽ നിന്നും ഉൾപ്പടെ ശേഖരിച്ച സാമ്പിളുടെ ശാസ്ത്രീയ പരിശോധനാ ഫലവും പ്രത്യേക അന്വേഷണസംഘം കോടതിക്ക് കൈമാറും.

കൊല്ലം വിജിലൻസ് കോടതിയിൽ സീൽഡ് കവറിൽ സമർപ്പിച്ച വി എസ് എസ് സി റിപ്പോർട്ട് നേരത്തെ എസ്ഐടിക്ക് കൈമാറിയിരുന്നു. ഇതിലെ നിർണ്ണായക വിവരങ്ങളും ഇന്നത്തെ റിപ്പോർട്ടിൽ ഉൾപ്പെട്ടേക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ചതിലും വാജിവാഹനം തന്ത്രിക്ക് കൈമാറിയതിലും ഉണ്ടായ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണവിവരവും എസ് ഐ ടി കോടതിയെ അറിയിച്ചേക്കും.

തികച്ചും പ്രൊഫഷണലായും സൂക്ഷ്മവുമായാണ് എസ് ഐ ടി അന്വേഷണം നടക്കുന്നതെന്ന് നിരീക്ഷിച്ച ദേവസ്വം ബെഞ്ച് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചിരുന്നു. സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ റിപ്പോർട്ട് നിർണ്ണായകമാകും.




