ശബരിമല സ്വർണ്ണം തട്ടിപ്പ് കേസ്; എസ് ഐ ടി സംഘത്തിൻ്റെ ഔദ്യോഗിക അന്വേഷണം ഇന്ന് ആരംഭിക്കും

.
ശബരിമല സ്വർണ്ണം തട്ടിപ്പ് കേസിൽ എസ് ഐ ടി സംഘത്തിൻ്റെ ഔദ്യോഗിക അന്വേഷണം ഇന്ന് ആരംഭിക്കും. ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം ആരംഭിക്കുക. ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കയ്ക്കും പുറമേ ആദ്യഘട്ടത്തിൽ ഒൻപത് ദേവസ്വം ഉദ്യോഗസ്ഥരും പ്രതികളായേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങുന്ന 42 പേജുള്ള അന്വേഷണ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് വിശദമായി പ്രത്യേക അന്വേഷണസംഘം പരിശോധിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദേവസ്വം ബോർഡ് നൽകിയ പരാതി സംസ്ഥാന പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

പരാതിയിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസ് ഉടൻ തന്നെ രജിസ്റ്റർ ചെയ്യുന്നതായിരിക്കും. കോടതി ഉത്തരവിൽ ഉൾപ്പെട്ടവരെ പ്രതികളാക്കും. ഒൻപത് ദേവസ്വം ഉദ്യോഗസ്ഥരും പ്രതികളായേക്കും. ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം കവർന്ന ഉണ്ണികൃഷ്ണൻ പോറ്റി, സ്വർണ്ണം ഉരുക്കുന്നതിന് കൂട്ടുനിന്ന സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ്ണ പാളി ചെമ്പുപാളിയാണ് എന്ന് റിപ്പോർട്ട് നൽകിയ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, രണ്ട് തിരുവാഭരണ കമ്മീഷണർമാർ, അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ സ്വർണ്ണ പാളികൾ കൊടുത്ത് വിടേണ്ടതില്ല എന്ന ദേവസ്വം ബോർഡ് ഉത്തരവ് തിരുത്തിയ അന്നത്തെ ബോർഡ് സെക്രട്ടറി ജയശ്രീ എന്നിവർ ഉൾപ്പെടെ ഒൻപത് പേരെയാകും ആദ്യഘട്ടത്തിൽ പ്രതിചേർക്കുക.

എഫ്ഐആർ രജിസ്റ്റർ ചെയ്താൽ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് ഉടനടി കടക്കാനാണ് എസ് ഐ ടി സംഘത്തിൻ്റെ തീരുമാനം. നേരത്തെ കേസിൻ്റെ പ്രാഥമിക വിവരങ്ങളും എസ്ഐടി സംഘം ശേഖരിച്ചിരുന്നു.
