ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
.
ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടും കമ്മീഷണറുമായിരുന്ന എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. വാസുവിനെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ സ്വാഭാവിക ജാമ്യാപേക്ഷയാണ് കോടതിയിൽ നൽകിയിട്ടുള്ളത്. ജാമ്യം ലഭിച്ചാൽ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന അഞ്ചാമത്തെ ആളാകും എൻ വാസു.

കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ വാസു. അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതിക്ക് മുന്നിലെത്തും. ബൈജുവും സ്വാഭാവിക ജാമ്യം തേടിയാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

ശബരിമല സ്വർണ്ണ കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കരുതുന്ന കൂടുതൽ പേർക്ക് ഇഡി നോട്ടീസ് അയക്കും. കൽപേഷ്, ജയശ്രീ തുടങ്ങിയവർക്ക് ഇഡി നോട്ടീസ് അയക്കും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടിയുടെ സ്വത്തുക്കൾ റെയ്ഡിന് പിന്നാലെ ഇഡി മരവിപ്പിച്ചിരുന്നു.

ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ച് നടൻ ജയറാമിന് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു. ജയറാമിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. അതിനിടെ സ്വർണ്ണകൊള്ളയുടെ മറവിൽ നടന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ തീരുമാനം.



