ശബരിമല സ്വര്‍ണക്കവർച്ച: രണ്ടാം പ്രതി മുരാരി ബാബുവിന്റെ അറസ്റ്റ് ഉടൻ

ശബരിമല സ്വര്‍ണക്കവർച്ചയിൽ രണ്ടാം പ്രതിയും മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന മുരാരി ബാബുവിന്റെ അറസ്റ്റ് ഉടനെന്ന് സൂചന. ഇന്നോ നാളെയോ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. പ്രതിപ്പട്ടികയിലുളള മറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരേയും ഉടന്‍ നടപടിയുണ്ടായേക്കും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് എസ് ഐ ടിയുടെ നീക്കം.

2024 ൽ ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തു വിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ദ്വാരപാലക ശില്പം നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ മുരാരി ബാബു നീക്കം നടത്തിയിരുന്നു.

അതേസമയം, മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഏഴാം ദിനവും തുടരും. കേസിൽ പ്രത്യേക അന്വേഷണ സംഘം നിർണായക വിവരങ്ങൾ ശേഖരിച്ചതായാണ് റിപ്പോർട്ടുകൾ.

