KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്രത്തില്‍ ആര്‍ എസ് എസ് ഗണഗീതം; കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രം ഉപദേശകസമിതി പിരിച്ചുവിട്ടു

കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഗാനമേളയില്‍ ആര്‍ എസ് എസ് ഗണഗീതം ആലപിച്ച സംഭവത്തിലും ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ- സാമുദായിക സംഘടനയുടെ കൊടി തോരണങ്ങള്‍ കെട്ടിയ സംഭവത്തിലും നടത്തിയ അന്വേഷണങ്ങളെ തുടര്‍ന്നാണ് നടപടി.

രണ്ട് സംഭവങ്ങളിലും ക്ഷേത്ര ഉപദേശക സമിതിയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ- സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങള്‍ കെട്ടുന്നതും രാഷ്ട്രീയ സമുദായ സംഘടനകളുടെ ആശയ പ്രചാരണത്തിന് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നതും കര്‍ശനമായി വിലക്കിക്കൊണ്ട് ഉത്തരവ് നിലവിലുള്ളതാണ്. ഈ ഉത്തരവ് ലംഘിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും കര്‍ശന നടപടി ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

 

Share news