വടകര എടോടിയിൽ മൂന്ന് കടകളിൽ മോഷണം; മൊബൈൽ ഫോണുകളും പണവും കവർന്നു

വടകര എടോടിയിൽ മൂന്ന് കടകളിൽ മോഷണം. മൊബൈൽ ഫോണുകളും പണവും കവർന്നു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മോഷണം. കടകളുടെ സിസിടിവിയുടെ കണക്ഷൻ വിച്ഛേദിച്ചശേഷമാണ് മോഷണം നടത്തിയത്. ചിപ്പ് എൻ ടെക് മൊബൈൽ ഷോപ്പ്, ന്യുയോർക്ക് റെഡിമെയ്ഡ് ഷോപ്പ്, ഫ്രണ്ട്സ് ബുക്ക് സ്റ്റാൾ എന്നീ കടകളിലാണ് മോഷണം. മൊബൈൽ ഷോപ്പിൽനിന്ന് 2 ലക്ഷം രൂപയോളം വിലവരുന്ന ആറ് മൊബൈൽ ഫോൺ നഷ്ടമായി. കടയിലെ മേശയിൽ സൂക്ഷിച്ച അയ്യായിരത്തോളം രൂപയും നഷ്ടമായി.

റെഡിമെയ്ഡ് ഷോപ്പിൽനിന്ന് 1700 രൂപ മോഷണം പോയി. കടയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ബുക്ക് സ്റ്റാളിൽനിന്ന് 1500 രൂപ നഷ്ടമായി. മൂന്ന് കടകളും അടുത്തടുത്താണ്. കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓട് ഇളക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്. സിസിടിവി കണക്ഷൻ വിച്ഛേദിക്കുന്നതിന് മുമ്പുള്ള മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി.

