KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ കാറിലെ കുപ്പികളില്‍ സൂക്ഷിച്ചിരുന്നത് കുടിവെള്ളമാണെന്ന് മരിച്ച റീഷയുടെ അച്ഛന്‍

കാറിലെ കുപ്പികളില്‍ സൂക്ഷിച്ചിരുന്നത് കുടിവെള്ളമാണെന്ന് മരിച്ച റീഷയുടെ അച്ഛന്‍. കണ്ണൂരില്‍ കാറിന് തീപിടിച്ച് രണ്ടു പേർ മരിച്ച സംഭവത്തിൽ അപകട കാരണം കാറില്‍ പെട്രോള്‍ കുപ്പിയിലാക്കി സൂക്ഷിച്ചതാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ കാറില്‍ കുപ്പികളില്‍ സൂക്ഷിച്ചിരുന്നത് കുടിവെള്ളമാണെന്ന് മരിച്ച റീഷയുടെ അച്ഛന്‍ കെ. കെ വിശ്വനാഥൻ പറഞ്ഞു. ആശുപതിയിൽ അഡ്മിറ്റാകാൻ പോകുന്നതിനാൽ രണ്ട് കുപ്പികളിൽ വെള്ളം കരുതിയിരുന്നു ആ കുപ്പികളുടെ അവശിഷ്ടങ്ങളാകാം കണ്ടെത്തിയതെന്നും വിശ്വനാഥൻ പറഞ്ഞു.

അപകട ദിവസം അഗ്നിരക്ഷാസേനാ ഓഫീസിന് മുന്നിലെത്തിയപ്പോൾ കാറിൽ എന്തോ കരിഞ്ഞമണമുണ്ടായി. പെട്ടെന്ന് കാറിൻ്റെ സ്റ്റിയറിങ്ങിൻ്റെ അടിയിൽനിന്ന് തീ ഉയരുകയായിരുന്നു. ഉടൻ കാർ നിർത്തിയ പ്രജിത്ത് എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു. പിൻസീറ്റിലിരുന്ന ഞങ്ങൾ ഒരുവിധം ചാടിയിറങ്ങുമ്പോഴേക്കും കാറിനുള്ളിൽ തീപിടിച്ചിരുന്നു. മുന്നിലിരുന്ന രണ്ടു പേർക്കും ഇറങ്ങാൻ സാധിച്ചില്ല. എത്ര ശ്രമിച്ചിട്ടും വാതിൽ തുറന്നു കൊടുക്കാൻ ഞങ്ങൾക്കും സാധിച്ചില്ല എന്നും വിശ്വനാഥൻ പറഞ്ഞു.

അപകടത്തിൽ കത്തിയ കാറിലെ അവശിഷ്ടങ്ങൾ ഫൊറൻസിക് വിഭാഗം ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഭാഗികമായി കത്തിയ കുപ്പിയിൽ എന്തോ ദ്രാവകത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഫൊറൻസിക് വിഭാഗം പറഞ്ഞു. പരിശോധനക്ക് ശേഷം കൂടുതൽ വിവരങ്ങൾ അറിയാനാകും.

Advertisements