രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ്; 15 പ്രതികളുടെ ശിക്ഷാവിധി വ്യാഴാഴ്ച വിധിക്കും
ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ 15 പ്രതികളുടെ ശിക്ഷ വ്യാഴാഴ്ച വിധിക്കും. മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പുറപ്പെടുവിക്കുക.

കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരുന്നു. ശനിയാഴ്ചയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവി 15 പ്രതികളും കുറ്റക്കാരെന്ന് വിധിച്ചത്. ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.

2021 ഡിസംബർ 19ന് പുലർച്ചെയാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊന്നതിന്റെ പ്രതികാരമായിരുന്നു ഇത്. ഷാനെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജിയിൽ ഹിയറിങ് ഫെബ്രുവരി രണ്ടിന് ജില്ലാ അഡീഷണൽ കോടതി മൂന്നിൽ നടക്കും.

