KOYILANDY DIARY.COM

The Perfect News Portal

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ്: സീതാറാം യെച്ചൂരി പങ്കെടുക്കില്ല

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്ഥാവനയിലറിയിച്ചു. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐ(എം) നയം. മതം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് വിശ്വസിക്കുന്നു.  അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറാതിരിക്കുകയാണ് വേണ്ടത്.  അതിനാൽ ഞങ്ങൾ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന്  സീതാറാം യെച്ചൂരിക്ക് ലഭിച്ച ക്ഷണം നിരസിച്ചുകൊണ്ട് പി ബി അറിയിച്ചു.

ബിജെപിയും ആർഎസ്എസും പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുക്കുന്ന ഒരു മതപരമായ ചടങ്ങ് സംസ്ഥാന സ്പോൺസേർഡ് പരിപാടിയാക്കി മാറ്റിയത് ഏറ്റവും ദൗർഭാഗ്യകരമാണ്. ഭരണഘടന പ്രകാരം രാഷ്ട്രത്തിന്  ഭരണകാര്യങ്ങളിൽ  മതപരമായ ബന്ധം പാടില്ല എന്നതാണ് ഒരു അടിസ്ഥാന തത്വം. സുപ്രീം കോടതി ആവർത്തിച്ചിട്ടുള്ള ഈ നിലപാട്  ക്ഷേത്ര ഉദ്ഘാടന പരിപാടിയുടെ സംഘാടനത്തിൽ ഭരണകക്ഷികൾ ലംഘിക്കുകയാണെന്നും പിബി പ്രസ്താവനയിൽ പറഞ്ഞു.

Share news