KOYILANDY DIARY

The Perfect News Portal

രാഹുൽ ഗാന്ധിയുടെ നിലപാട് ബിജെപി വിരുദ്ധ പോരാട്ടത്തിന് എതിരാണ്; സുഭാഷിണി അലി

രാഹുൽ ഗാന്ധിയുടെ നിലപാട് ബിജെപി വിരുദ്ധ പോരാട്ടത്തിന് എതിരാണെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ സംസാരിക്കുകയായിരുന്നു സുഭാഷിണി അലി. രാഹുൽ ഗാന്ധിയുടെ പരാമർശം മണ്ടത്തരമാണ്. രാഹുൽ ഗാന്ധിയെയും അമ്മ സോണിയ ഗാന്ധിയും ഈ ഡി ചോദ്യം ചെയ്തപ്പോൾ സിപിഐ എം അതിനെ എതിർത്തു. പ്രതിപക്ഷത്തെ നിശബ്ദരാക്കുന്നതിന്റെ ഭാഗമായാണ് ഇ ഡി നടപടി എന്നായിരുന്നു അന്ന് സിപിഎമ്മും പറഞ്ഞത്.

കോൺഗ്രസ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോൾ തെറ്റാണെന്ന് പാർട്ടി പറഞ്ഞു. ബിജെപിയുടെ നയങ്ങൾക്കെതിരാണ് സിപിഐഎം. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നു എന്ന് കോൺഗ്രസും പറയുന്നു. രാഹുൽ ഗാന്ധിയുടെ നിലപാട് ബിജെപി വിരുദ്ധ പോരാട്ടത്തിന് നല്ലതല്ല. കേരളത്തിൽ കോൺഗ്രസ് ബിജെപിയെക്കാൾ എതിർക്കുന്നത് സിപിഐഎമ്മിനെയാണ്. ബിജെപിയെ സഹായിക്കുന്ന പ്രസ്താവനകൾ രാഹുൽ നടത്താതെ സ്വന്തം പാർട്ടിയിൽ നിന്ന് ആളുകൾ കൊഴിഞ്ഞുപോകുന്നത് ഒഴിവാക്കാൻ ശ്രമിക്കണം.

 

ദേശീയതലത്തിൽ കേന്ദ്ര ഏജൻസികളെ വിമർശിക്കുന്ന രാഹുൽഗാന്ധി കേരളത്തിൽ കേന്ദ്ര ഏജൻസികളെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് എതിരായി വിളിച്ചുവരുത്തുന്നു. ഇത് ബിജെപിയെ സഹായിക്കുക മാത്രമേ ചെയ്യൂ. കോൺഗ്രസ് മാനിഫെസ്റ്റോ പൗരത്വഭേദഗതി നിയമത്തിൽ നിശബ്ദമാണ്. സിഎഎ കോൺഗ്രസിന് പ്രധാന വിഷയമല്ല, എന്നാൽ സിപിഐഎമ്മിന് അങ്ങനെയല്ല. മതത്തിൻറെ പേരിൽ പൗരത്വം മുമ്പൊന്നും ഇന്ത്യയിൽ നടപ്പാക്കിയിട്ടില്ല. ഇടതുപക്ഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടർച്ചയായി പ്രക്ഷോഭം സംഘടിപ്പിക്കുന്നു. എന്നാൽ ഈ പ്രധാനപ്പെട്ട വിഷയത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നു.

Advertisements

 

സ്ത്രീകൾ ഇന്ത്യയിൽ സുരക്ഷിതരായിരിക്കുമെന്ന് 2014 ബിജെപി വാഗ്ദാനം നൽകി. എന്നാൽ അവരുടെ നയങ്ങൾ സ്ത്രീവിരുദ്ധമാണ്. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് സർക്കാർ സ്കൂളുകൾ പൂട്ടുന്നു. സംവരണ ആനുകൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നില്ല. മുസ്ലിം വിദ്യാർത്ഥികൾക്കും പട്ടിക ജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. പാവപ്പെട്ട പെൺകുട്ടികൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കലാണ് അവർ ചെയ്യുന്നത്. കേരള സർക്കാർ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നു. മണിപ്പൂരിൽ വനിതകൾ ആക്രമിക്കപ്പെട്ടപ്പോൾ കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ ഒന്നും ചെയ്തില്ല.