KOYILANDY DIARY.COM

The Perfect News Portal

രാഹുൽഗാന്ധി വയനാട്‌ ഉപേക്ഷിച്ചേക്കും; ചേലക്കരയിലും പാലക്കാട്ടും ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ്‌

കൽപ്പറ്റ: ഉത്തർപ്രദേശിലെ റായ്‌ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെ രാഹുൽഗാന്ധി വയനാട്‌ ഉപേക്ഷിച്ചേക്കും. തെരഞ്ഞെടുപ്പിൽ ഒരാൾക്ക്‌ ഒന്നിലധികം മണ്ഡലത്തിൽ മത്സരിക്കാമെങ്കിലും വിജയിച്ചാൽ ഒരു മണ്ഡലത്തിലേ എംപിയായി തുടരാനാകൂ. രാഹുൽ വയനാട്ടിലെ എംപിസ്ഥാനം രാജിവെച്ച്‌ റായ്‌ബറേലി നിലനിർത്തുമെന്നാണ്‌ പാർടിക്കുള്ളിലെ ചർച്ച. 

റായ്‌ബറേലിയിൽ മത്സരിക്കുന്നത്‌ മറച്ചുവെച്ചാണ്‌ രാഹുൽ വയനാട്ടിൽ ജനവിധി തേടിയത്‌. കേരളത്തിലെ തെരഞ്ഞെടുപ്പിനുശേഷമാണ്‌ റായ്‌ബറേലിയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്‌. ഇത്‌ വയനാടിനോടുള്ള വഞ്ചനയാണെന്ന്‌ ആക്ഷേപം ഉയർന്നിരുന്നു. രാജിവെച്ചൊഴിഞ്ഞാൽ ആക്ഷേപം ശരിയാണെന്ന്‌ വരും. വയനാട്‌ തന്റെ കുടുംബമാണെന്നും ഉപേക്ഷിക്കില്ലെന്നുമാണ്‌ നാമനിർദേശപത്രിക നൽകാനെത്തിയപ്പോൾ രാഹുൽ പറഞ്ഞത്‌.

 

രാഹുൽ വയനാട്‌ കൈയൊഴിഞ്ഞാൽ  ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി യുഡിഎഫ്‌ സ്ഥാനാർത്ഥിയാകുമെന്നുമാണ്‌ കോൺഗ്രസ്‌ നേതൃത്വം പ്രചരിപ്പിക്കുന്നത്‌. വയനാട്ടിൽ തുടരണോ റായ്‌ബറേലിയിൽ തുടരണോയെന്ന് തീരുമാനമെടുത്തിട്ടില്ലെന്ന്‌ രാഹുൽഗാന്ധി മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു.

Advertisements

 

ചേലക്കരയിലും പാലക്കാട്ടും ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ്‌
ചേലക്കര, പാലക്കാട്‌ നിയമസഭാ മണ്ഡലങ്ങളിൽ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ്‌ നടക്കും. കെ രാധാകൃഷ്‌ണൻ ആലത്തൂരിൽനിന്നും ഷാഫി പറമ്പിൽ വടകരയിൽനിന്നും ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതോടെയാണിത്‌.

 

ചേലക്കരയിൽനിന്ന്‌ 2021ൽ 83,415 വോട്ടുനേടിയാണ്‌ എൽഡിഎഫിന്റെ കെ രാധാകൃഷ്‌ണൻ നിയമസഭയിൽ എത്തിയത്‌. 39,400 ആയിരുന്നു ഭൂരിപക്ഷം. 2016ലും 2021ലും ഷാഫി പറമ്പിലാണ്‌ പാലക്കാടിനെ പ്രതിനിധാനം ചെയ്‌ത്‌ നിയമസഭയിൽ എത്തിയത്‌. 2021ൽ 3859 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു.

Share news