വ്യാജ വാർത്തകൾ നൽകിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി വി അൻവർ എംഎൽഎ
മലപ്പുറം: തനിക്കെതിരെ വ്യാജ വാർത്തകൾ നൽകിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി വി അൻവർ എംഎൽഎ. വസ്തുത മറച്ചുവെച്ച് വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

താൻ എവിടെയും ഭൂമി കയ്യേറിയിട്ടില്ലെന്നും അധികഭൂമിയുണ്ടെന്ന താമരശേരി ലാൻഡ് ബോർഡിന്റെ ഉത്തരവിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുമ്പോൾ ഏഷ്യാനെറ്റ് ഇല്ലാത്തകഥകൾ പ്രചരിപ്പിക്കുകയാണ്. താമരശേരി ലാൻഡ് ബോർഡിന്റെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തത് ഏഷ്യാനെറ്റ് മറച്ചുവെച്ചു.

ആറ് ഏക്കറോളം അധികഭൂമിയുണ്ടെന്നും ഏറ്റെടുക്കണമെന്നുമാണ് താമരശേരി ലാന്‍ഡ് ബോർഡ് ഉത്തരവിട്ടത്. 200 ലേറെ ഏക്കർ ഭൂമി അധികമുണ്ടെന്നതിൽ നിന്നാണ് ഇപ്പോൾ ആറിലേയ്ക്ക് എത്തിയത്. കക്ഷി എന്ന നിലയ്ക്ക് ഞാനും കുടുംബവും നൽകിയ വിശദീകരണം കണക്കിലെടുക്കാതെയാണ് ലാന്റ് ബോർഡിൽ നിന്ന് വിധി വന്നത്.

ഒരു പൗരനെന്ന നിലയിൽ താൻ ഹൈക്കോടതിയെ സമീപിച്ചു. താമരശേരി ലാന്‍ഡ് ബോർഡിന്റെ എല്ലാ നടപടികളും ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. ഭൂമി ഏറ്റെടുക്കൽ നടപടിയും സ്റ്റേ ചെയ്തു. എന്റെ ഭാഗത്തുനിന്ന് ഉന്നയിച്ച വാദങ്ങൾകൂടി പരിശോധിച്ച ശേഷം കേസിന്റെ മെറിറ്റിലേക്ക് കടക്കാനാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

ഇതെല്ലാം ഏഷ്യാനെറ്റ് മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മുഖ്യമന്ത്രി അടക്കം എംഎൽഎയെ സഹായിക്കുന്ന നിലപാടാണ് എന്ന രീതിയിലാണ് വാർത്ത നൽകിയത്. തനിക്കെതിരെ പരാതി നൽകിയ പൗരാവകാശ പ്രവർത്തകനെന്ന് വാദിക്കുന്ന കെ വി ഷാജി ഏഷ്യാനെറ്റ് ന്യൂസ് ചെലവ് കൊടുത്ത് കൊണ്ടുനടക്കുകയാണ്. പോക്സോ കേസിൽ ഏഷ്യാനെറ്റ് ന്യൂസ് റെയ്ഡ് ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇതിന്റെ പ്രതികാരം തന്നോട് തീർക്കുകയാണെന്നും പി വി അൻവർ പറഞ്ഞു.
