71-ാമത് നെഹ്റു ട്രോഫി മത്സരത്തിനായി തയ്യാറെടുത്ത് പുന്നമടക്കായൽ

71-ാമത് നെഹ്റു ട്രോഫി മത്സരത്തിൽ ഏത് ചുണ്ടനാണ് വിജയികളാകുന്നത് എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ വൈകിട്ട് അഞ്ചുമണിയോടു കൂടിയാണ് മത്സരങ്ങൾ സമാപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾകൊടുവിലാണ് കഴിഞ്ഞ തവണ ഫൈനലിൽ വിജയികളെ കണ്ടെത്തിയത്. ഇത്തവണയും മത്സരങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാവില്ല.

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ആരാണ് ഫൈനലിൽ എത്തുക എന്നുള്ളതാണ് വള്ളംകളി പ്രേമികൾ ഉറ്റു നോക്കുന്നത്. മേപ്പാടം വലിയ ദിവാൻജി, കാരിച്ചാൽ നടുഭാഗം, ജവഹർ തയങ്കരി, ചെറുതന ചമ്പക്കുളം തലവടി തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന എല്ലാ ചുണ്ടൻ വള്ളങ്ങളും ഇത്തവണ കപ്പടിക്കാൻ ഒരുങ്ങിയാണ് കുട്ടനാട്ടിലെ പുന്നമടക്കായൽ എത്തുന്നത്. കുറ്റമറ്റ രീതിയിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്ന് ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ ഒഫീഷ്യൽസുകളായ കെ കെ ഷാജുവും കുറുപ്പും പറയുന്നു.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഓണത്തോടനുബന്ധിച്ച് വള്ളംകളി എത്തിയതോടെ കൂടുതൽ ആളുകൾ വള്ളംകളി കാണാൻ എത്തും. നാലുലക്ഷത്തോളം കാണികൾ ഉണ്ടാകും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയനാണ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുന്നത്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാർ, കൂടാതെ മന്ത്രിമാരും ജനപ്രതിനിധികളും അടക്കം നിരവധി പ്രമുഖർ മത്സരം കാണാൻ പുന്നമടയിൽ എത്തും. കഴിഞ്ഞ 40 ദിവസത്തിലധികമായി നടന്ന പരിശീലനത്തിനുശേഷം ചുണ്ടൻ വള്ളങ്ങളും തുഴച്ചിൽക്കാരും ഇന്ന് വിശ്രമത്തിലാണ്. നാളെ രാവിലെ ചുണ്ടൻ വള്ളങ്ങൾ വീണ്ടും നീറ്റിലിറക്കും.

