KOYILANDY DIARY.COM

The Perfect News Portal

ക്വിറ്റ് ഇന്ത്യ സമര സ്മാരകം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചേമഞ്ചേരിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി

ചേമഞ്ചേരി: ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ചേമഞ്ചേരിയിൽ നടന്ന സമാനതകളില്ലാത്ത ചെറുത്തുനിൽപ്പിൻ്റെ 83-ാം വാർഷിക ദിനത്തിൽ ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി പൊളിച്ച് മാറ്റിയ ക്വിറ്റ് ഇന്ത്യ സമര സ്മാരകം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെട്ടിടം പണി പൂർത്തിയായി കൊണ്ടിരിക്കുന്ന റജിസ്റ്റർ ഓഫീസ് പരിസരത്ത് ചേമഞ്ചേരി പ്രദേശത്തെ പൗരാവലി പ്രതിഷേധ കൂട്ടായ്മ നടത്തി. 1942 ആഗസ്റ്റ് 19 നാണ് ചേമഞ്ചേരി റജിസ്റ്റർ ഓഫീസ്, റെയിൽവേ സ്റ്റേഷൻ, തിരുവങ്ങൂർ അംശകച്ചേരി എന്നിവ ഒറ്റരാത്രി കൊണ്ട് ധീരരായ സമരഭടൻമാർ അഗ്നിക്കിരയാക്കിയത്.
അതിൻ്റെ സ്മാരകമായി മാറേണ്ടിയിരുന്ന റെയിൽവേ സ്റ്റേഷൻ അധികൃതരുടെ താൽപര്യമില്ലായ്മയുടെ ഭാഗമായി അതിൻ്റെ പ്രാധാന്യം ഇല്ലാതാക്കുകയാണ്. കോവിഡിന് മുമ്പ് നിർത്തലാക്കിയ വണ്ടികളിൽ പകുതി വണ്ടികൾ മാത്രമെ ഇപ്പോൾ അവിടെ നിർത്തുന്നുള്ളു. അതിനിടയിലാണ് ദേശീയപാതയുടെ വികസനത്തിൻ്റെ ഭാഗമായി ക്വിറ്റ് ഇന്ത്യാ സമരസ്മാരകം ഒരു മുന്നറിയിപ്പും കൂടാതെ കരാറുകാർ പൊളിച്ചു മാറ്റിയത്. 1992 ആഗസ്ത് 19 ന് നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടാക്കിയ സ്മാരക സ്തൂപം പുനർ നിർമിക്കാമെന്ന് കരാറുകാർ പഞ്ചായത്ത് ഭരണ സമിതിക്കും, പൊതുജനങ്ങൾക്കും ഉറപ്പ് നൽകിയതാണ്. എന്നാൽ പൊളിച്ച് മാറ്റി രണ്ട് വർഷം കഴിഞ്ഞിട്ടും സ്തൂപം പുനർനിർമിക്കാനുള്ള ഒരു നടപടിയും കരാറുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ഇത് സ്വാതന്ത്ര്യ സമരഭടന്മാരെ അപമാനിക്കുന്നതും, പൊതുജനങ്ങളോടുള്ള വെല്ലുവിളിയായും മാത്രമേ കാണാൻ കഴിയൂ. അതുകൊണ്ട് ഒട്ടും കാലതാമസമില്ലാതെ സ്തൂപം പുനർ നിർമ്മിക്കണമെന്ന് ചേമഞ്ചേരിയിൽ ചേർന്ന പൗരാവലി ആവശ്യപ്പെട്ടു. യോഗത്തിൽ കെ. ശങ്കരൻ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി. കെ. അബ്ദുൽ ഹാരിസ്, വി. ശിവദാസൻ, കെ. രവീന്ദ്രൻ, കെ. ശ്രീനിവാസൻ, മാടഞ്ചേരി സത്യനാഥൻ, സമദ് പൂക്കാട്, ഉണ്ണികൃഷ്ണൻ തിരുളി, ശിവദാസ് കാരോളി, വി.കെ ജനാർദനൻ, രാമചന്ദ്രൻ പി, വി.ടി. വിനോദ് മോഹനൻ വി.വി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ചെയർമാൻ സതി കിഴക്കയിൽ, ജനറൽ കൺവീനർ കെ. ശങ്കരൻ മാസ്റ്റർ, ട്രഷറർ മോഹനൻ വീർ വീട്ടിൽ, വൈസ് ചെയർമാൻമാർ കെ. രവീന്ദ്രൻ മാസ്റ്റർ,
സത്യനാഥൻ മാടഞ്ചേരി, ജോ. കൺവീനർമാർ അബ്ദുൾ ഹാരിസ് വി. കെ
ഉണ്ണികൃഷ്ണൻ തിരുളി.
Share news