KOYILANDY DIARY.COM

The Perfect News Portal

പോരാട്ടങ്ങളിലൂടെയും ഐതിഹാസികമായ സമരത്തിലൂടെയുമാണ് കേരളത്തില്‍ പാര്‍ട്ടി വളര്‍ന്നതെന്ന് പ്രകാശ് കാരാട്ട്

കേരളത്തിലെ സിപിഐഎം ഇന്ത്യയിലെ വലിയ ഘടകമാണെന്നും പോരാട്ടങ്ങളിലൂടെയും ഐതിഹാസികമായ സമരത്തിലൂടെയുമാണ് കേരളത്തില്‍ പാര്‍ട്ടി വളര്‍ന്നതെന്നും പൊളിറ്റ് ബ്യൂറോ അംഗവും പാർട്ടി കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട്. സിപിഐഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി നയം നടപ്പാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരള ഘടകമാണ്. സീതാറാം യെച്ചൂരിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും മരണം പാര്‍ട്ടിക്ക് നികത്താനാകാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കേരള ഘടകം കരുത്തുറ്റതാണെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

ഭാവിയിലെ രാഷ്ട്രീയ നയം രൂപീകരിക്കാനുള്ള രേഖകള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നുണ്ട് . ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഉള്ള സംഭവങ്ങള്‍ വിലയിരുത്തേണ്ടതുണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ കൈപ്പിടിയിലാക്കാനുള്ള അമേരിക്കയുടെ നീക്കങ്ങൾ ലക്ഷ്യം കാണില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. നിയോ ഫാസിസത്തെ ചെറുക്കണമെന്നും അല്ലെങ്കില്‍ അത് പൂര്‍ണ്ണ ഫാസിസം ആയി മാറുമെന്നും പ്രാകശ് കാരാട്ട് പറഞ്ഞു. അക്രമണോത്സുക ഹിന്ദുത്വ ഫാസിസത്തെ പൊരുതി പരാജയപ്പെടുത്താല്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”പുതിയതും പഴയതുമായി ഫാസിസ്റ്റ് രീതി ചേര്‍ന്നതാണ് നിയോ ഫാസിസം.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നിയോ ഫാസിസം എന്ന പ്രയോഗത്തെ വിമര്‍ശിക്കുന്നത് കണ്ടു. സിപിഐഎമ്മിന് ബി ജെ പി യെ എതിര്‍ക്കാന്‍ ഡൈര്യമില്ല എന്നൊക്കെയാണ് പറയുന്നത്. കോണ്‍ഗ്രസിന് പെറ്റി പൊളിറ്റിക്‌സ് ആണ് ഉള്ളത്.” കാരാട്ട് പറഞ്ഞു.

Advertisements

.

സിപിഐഎമ്മിന് ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന്‍റെ കൈയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട കാര്യമില്ലെന്ന് കാരാട്ട് പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലായാല്‍ ഇന്ത്യന്‍ ജനാധിപത്യം തകരുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയേയും നവ ലിബറല്‍ നയങ്ങളെയും ശക്തമായി ചെറുക്കുന്നതില്‍ കേരളത്തിലെ സിപിഐഎം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ സിപിഐഎം ഉണ്ടാകേണ്ടത് മതേതരത്വം സംരക്ഷിക്കാന്‍ ആവശ്യമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ സിപിഐഎം വെള്ളം ചേര്‍ക്കുന്നു എന്ന മട്ടില്‍ വ്യാപക പ്രചാരണം നടത്തുന്ന കോണ്‍ഗ്രസിന് ശക്തമായ മറുപടിയാണ് പ്രകാശ് കാരാട്ട് നല്‍കിയത്. ഹിന്ദുത്വ, സാമ്പത്തിക ശക്തികള്‍ക്ക് ഇന്ത്യയെ തീറെഴുതികൊടുത്ത്, ക്രമേണ പൂര്‍ണ്ണ ഫാസിസത്തിലേക്ക് രാജ്യത്തെ എത്തിക്കാനാണ് ആര്‍ എസ് എസിന്റെ ശ്രമം. ഇതിനെതിരായ പോരാട്ടത്തില്‍ സി പി ഐ എം എപ്പോഴും മുന്‍നിരയില്‍ ഉണ്ടാകും. ഇടതു ശക്തികളുടെ കരുത്തുറ്റ കൂട്ടായ്മയും ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഉണ്ടാകണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ചൈന ബദല്‍ ശക്തിയായി ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണ്. ശ്രീലങ്കയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടിയ വന്‍ വിജയവും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ ഇടതുപക്ഷ മുന്നേറ്റങ്ങളും ആവേശം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയേയും നവലിബറല്‍ നയങ്ങളെയും ശക്തമായി ചെറുക്കുന്നതില്‍ കേരളത്തിലെ സിപിഐഎം രാജ്യത്തിന് തന്നെ മാതൃകയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രകാശ് കാരാട്ട് സംസാരിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃത സാമ്രജ്യത്വത്തിന്റെ രീതികളാണ് ട്രംപ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി വിപുലീകരിക്കുക, കാനഡയെ അമേരിക്കന്‍ സംസ്ഥാനമാക്കുമെന്ന പ്രഖ്യാപനം, ഗാസ മുനമ്പ് റിസോര്‍ട്ടാക്കുമെന്നതടക്കമുള്ള പ്രസ്താവനകള്‍ പ്രാകൃത കാലഘട്ടത്തിലെ ആധിപത്യത്തിന്റെ തനിയാവര്‍ത്തനമാണെന്നും അദ്ദേഹം തുറന്നടിച്ചു.

സാമ്രാജ്യത്തവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം കൂടുതല്‍ തീവ്രമാകുകയാണ്. അമേരിക്കയും സഖ്യകക്ഷികളുമാണ് ഒരു ഭാഗത്തെങ്കില്‍ മറുവശത്ത് ജനകീയ ജനാധിപത്യ ചൈനയാണ് ഉള്ളത്. ചൈനയെ ദുര്‍ബലപ്പെടുത്താനും ഒറ്റപ്പെടുത്താനും ലക്ഷ്യമിട്ടാണ് സാര്‍വദേശീയ രാഷ്ട്രീയം കൈകാര്യ ചെയ്യപ്പെടുന്നത്. ഇതിന്റെ ഭാഗമാണ് അമേരിക്ക ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ചുങ്കം. ഇത് വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനുവരി 20ന് അധികാരത്തിലെത്തിയ ട്രംപ് കുറച്ച് സമയം കൊണ്ട് തന്നെ രാഷ്ട്രീയ സാമ്പത്തിക മേലയിലെ നയങ്ങളില്‍ പുനസംഘടന നടത്തികൊണ്ടിരിക്കുന്നു. സാമ്രാജ്യത്വ ആധിപത്യ രാജ്യം യുഎസ് തന്നെയാണെന്ന് പ്രഖ്യാപിക്കുകയാണ് ട്രംപ്. അമേരിക്കയെ മഹത്തരമാക്കുമെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോള്‍ അമേരിക്കയ്ക്ക് പഴയ പോലെ ആധിപത്യമില്ലെന്ന് വ്യക്തമാക്കുക കൂടിയാണെന്നും അദ്ദേഹം പറഞ്ഞു

Share news