പൂക്കാട് കലാലയം ആവണിപ്പൂവരങ്ങ് സെപ്തംബർ 5,6,7 തിയ്യതികളിൽ

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൻ്റെ 51-ാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങ് ആഘോഷ പരിപാടികൾ സെപ്തംബർ 5, 6, 7 തിയ്യതികളിൽ എം.ടി. വാസുദേവൻ നായർ സ്മാരക നഗരിയിൽ ഒരുക്കുന്ന പി. ജയചന്ദ്രൻ വേദിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആദ്യദിവസം കൊടിയേറ്റം, സ്വാതന്ത്ര്യ സമരസ്മരണ , സമ്മാനപ്പൂവരങ്ങ് വിജയികളെ പ്രഖ്യാപിക്കൽ എന്നിവ നടക്കും. തുടർന്ന് രണ്ടു ദിവസങ്ങളിലായി ആയിരത്തോളം പഠിതാക്കൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, സംഘനൃത്തം, വെസ്റ്റേൺ ഡാൻസ്, ശാസ്ത്രീയ സംഗീതം, സംഘഗാനം, പി. ജയചന്ദ്രൻ പാടിയ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനമേള, തബല തരംഗ്, വയലിൻ, ഗിറ്റാർ, കീബോർഡ് എന്നീ പരിപാടികൾ അരങ്ങിലെത്തും.
.

.
ചിത്രവിഭാഗം ഒരുക്കിയ ചിത്രപ്രദർശനം ആർട്ടിസ്റ്റ് ബാലൻ താനൂർ ഉദ്ഘാടനം ചെയ്യും. ജയകുമാർ ചാത്തമംഗലം നാടക രൂപാന്തരം നടത്തി എം.കെ. സുരേഷ് ബാബു സംവിധാനം ചെയ്ത ‘ഖസാക്കിൻ്റെ ഇതിഹാസം’, ശശിധരൻ ചെറൂർ രചനയും സംവിധാനവും നിർവ്വഹിച്ച ‘ബയേൻ’, എം.ടിയുടെ സ്മരണയ്ക്കായി രവി എടത്തിൽ രചനയും ഡോ. എൻ.വി. സദാനനൻ സംവിധാനവും നിർവഹിച്ച ‘മഹായാനം’ എന്നീ മൂന്ന് നാടകങ്ങൾ അരങ്ങിലെത്തും.
.

.
സപ്തംബർ 6ന് വൈകീട്ട് 4 മണിക്ക് പ്രശസ്ത ഗാനരചയിതാവ് ബി. കെ. ഹരിനാരായണൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കേരള ടൂറിസം ഇൻഫ്രാസ്ട്രെക്ചർ ലി. ചെയർമാൻ എസ്.കെ. സജീഷ് മുഖ്യഭാഷണം നടത്തും. സമ്മാനപ്പൂവരങ്ങ് നറുക്കെടുപ്പ് വിജയികൾക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ സമ്മാന വിതരണം ചെയ്യും. അഭിനയ ശിരോമണി രാജരത്നം പിള്ള സ്മാരക എൻ്റോവ്മെൻ്റ് ലഭിച്ച പൂജ. എസ്.എസിന് ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് ഉപഹാരം നൽകും.
.

.
വാർഡ് മെമ്പർ സുധ തടവങ്കയ്യിൽ, പി.ടി.എ. പ്രസിഡണ്ട് റിനു രമേശ് എന്നിവർ ആശംസകൾ നേരും. കലാലയം പ്രസിഡണ്ട് അഡ്വ. ശ്രീനിവാസൻ, ജനറൽ സെക്രട്ടറി ശിവദാസ് കാരോളി, പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി, എം ജയകൃഷ്ണൻ, രാധാകൃഷ്ണൻ. കെ. ബാലു പൂക്കാട്, യു.കെ. രാഘവൻ, കെ. ശ്രീനിവാസൻ, എന്നിവർ സംബന്ധിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ ശിവദാസ് കാരോളി, അഡ്വ: കെ ടി ശ്രീനിവാസൻ, എം ജയകൃഷ്ണൻ, കെ രാധാകൃഷ്ണൻ, ഉണ്ണി കുന്നോൽ എന്നിവർ അറിയിച്ചു.
