KOYILANDY DIARY.COM

The Perfect News Portal

ദില്ലി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്ത് പൊലീസ്

ദില്ലി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് അതിഷിക്കെതിരെ കേസെടുത്തത്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്നാണ് കേസ്. ദില്ലി മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതിന് പിന്നാലെ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെയുള്ളത് പ്രതികാര നടപടി ആണെന്ന് എഎപി ആരോപിച്ചു. പെരുമാറ്റ ചട്ടം ലംഘിക്കുന്ന ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്നും എഎപി വിമര്‍ശിച്ചു.

അതേസമയം ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉപമിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. പ്രധാനമന്ത്രിയും കെജ്രിവാളും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ചുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. വടക്കുകിഴക്കന്‍ ദില്ലിയിലെ സീലംപൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രിയോട് ഉപമിച്ചത്.

 

പ്രധാനമന്ത്രി മോദിയില്‍ നിന്നും കെജ്രിവാളില്‍ നിന്നും താന്‍ ജാതി സെന്‍സസിനെക്കുറിച്ച് ഒരു വാക്കുപോലും കേട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘പിന്നാക്കക്കാര്‍ക്കുള്ള സംവരണവും ജാതി സെന്‍സസും വേണോ എന്ന് നിങ്ങള്‍ കെജ്രിവാള്‍ ജിയോട് ചോദിക്കുന്നു. ജാതി സെന്‍സസിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി മോദിയില്‍ നിന്നും കെജ്രിവാളില്‍ നിന്നും ഒരു വാക്ക് പോലും ഞാന്‍ കേള്‍ക്കുന്നില്ല. കെജ്രിവാളും പ്രധാനമന്ത്രി മോദിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇരുവരും തെറ്റായ വാഗ്ദാനങ്ങളാണ് നല്‍കുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisements
Share news