പ്രധാനമന്ത്രി നരേന്ദ്രമോദി ദേശസ്‌നേഹിയോ, ദേശീയവാദിയോ അല്ല: രാഹുൽ ഗാന്ധി
കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ദേശസ്‌നേഹിയോ, ദേശീയവാദിയോ അല്ലെന്ന് രാഹുൽ ഗാന്ധി എംപി പറഞ്ഞു. പാർലമെൻ്റ് അംഗത്വം തിരികെ ലഭിച്ചശേഷം ആദ്യമായി വയനാട് മണ്ഡലത്തിൽ എത്തിയ രാഹുലിന് കെപിസിസി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ എന്ന ആശയം വിഭാവനം ചെയ്യുന്നത് സ്‌നേഹവും സമാധാനവുമാണ്. വെറുപ്പും അക്രമവും ബലാത്സംഗവും അല്ല. മണിപ്പുരിൽ അവർ ഭാരതമാതാവിനെ കൊലചെയ്‌തു. ഇന്ത്യ എന്ന ആശയത്തെ കൊലചെയ്‌തവർക്ക് ദേശസ്‌നേഹിയോ, ദേശീയവാദിയോ ആകാൻ കഴിയില്ല. പ്രധാനമന്ത്രി അക്രമം തടഞ്ഞില്ല. അവിടെ പോയില്ല. കാരണം അദ്ദേഹം ദേശീയവാദിയല്ല. ആയിരക്കണക്കിന് കുടുംബങ്ങളെ നശിപ്പിച്ചു. സഹോദരിമാരെ ബലാത്സംഗം ചെയ്‌തു.


ആയിരങ്ങളെ കൊല്ലാൻ അനുമതികൊടുത്തു. വിഭജിക്കാനും തകർക്കാനും ശ്രമിക്കുമ്പോൾ കുടുംബബന്ധങ്ങൾ കൂടുതൽ ശക്തമാകുമെന്ന കാര്യം ബിജെപി മറക്കുകയാണ്. കുടുംബമെന്ന യാഥാർഥ്യം ഇവർ മനസ്സിലാക്കുന്നില്ല. എത്രവർഷം കഴിഞ്ഞാലും മണിപ്പുരിനെ തിരികെ കൊണ്ടുവരും. ജനതയെ അടുപ്പിക്കും. തന്നെ അയോഗ്യനാക്കിയപ്പോൾ വയനാടുമായുള്ള ബന്ധം ശക്തിപ്പെടുകയാണ് ചെയ്‌തത്. അമ്പതോ നൂറോ തവണ അയോഗ്യനാക്കിയാലും ഈ ബന്ധം തകർക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു.

