KOYILANDY DIARY

The Perfect News Portal

പിഷാരികാവ്‌ കാളിയാട്ടം സമാപിച്ചു

കൊയിലാണ്ടി;  എട്ടുദിവസം നീണ്ട കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവം സമാപിച്ചു. വെള്ളി വൈകിട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റേയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിലെത്തിയതോടെയാണ്‌ കാളിയാട്ടത്തിന്‌ അരങ്ങൊരുങ്ങിയത്‌. സന്ധ്യക്കുശേഷം കരിമരുന്ന്‌ പ്രയോഗത്തെ തുടര്‍ന്ന് പുറത്തെഴുന്നള്ളിപ്പ് ആരംഭിച്ചു.
സ്വർണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളിച്ച് പാലച്ചുവട്ടിലേക്ക് നീങ്ങി. ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം കലാമണ്ഡലം ശിവദാസ് മാരാരുടെ  പാണ്ടിമേളം നടന്നു. തുടർന്ന്  ഊരുചുറ്റൽ നടത്തി തിരിച്ച്‌ പാലച്ചുവട്ടിലെത്തി തെയ്യമ്പാടി കുറുപ്പിന്റെ ആചാരനൃത്തത്തിനു ശേഷം ക്ഷേത്രത്തിലെത്തി.
രാത്രി 12ന്‌ ശേഷം വാളകം കൂടിയതോടെ കാളിയാട്ട ചടങ്ങുകൾ സമാപിച്ചു.
വലിയ വിളക്കിനും കാളിയാട്ടത്തിനും ആയിരങ്ങളാണ്‌ എത്തിയത്‌. വൈകിട്ട് ദേശീയപാതയിലേക്ക്‌ ജനങ്ങൾ ഒഴുകി. ഉച്ചക്കു ശേഷം ദേശീയ പാതയിൽ കൊയിലാണ്ടിക്കും പയ്യോളിക്കുമിടയിൽ വാഹനങ്ങൾ തിരിച്ചു വിടേണ്ടിവന്നു.  വലിയവിളക്കു ദിവസം അർധരാത്രി മുതൽ പുലർച്ചെ വരെ രണ്ട്‌ പന്തിമേളം ആസ്വദിക്കാനും പതിനായിരങ്ങളെത്തി.