KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷിക്കാർക്കുള്ള നിരാമയ ഇൻഷുറൻസ് പുനഃസ്ഥാപിച്ചു: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിച്ച് ഉത്തരവായതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ 75 ലക്ഷം രൂപ അനുവദിച്ചു. എൽഎൽസി മുഖേനയാണ് പദ്ധതി തുടരുകയെന്ന് മന്ത്രി പറഞ്ഞു.

നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെട്ട ഓട്ടിസം, സെറിബ്രൽ പാൾസി, ബൗദ്ധിക വെല്ലുവിളി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നീ നാല് ഭിന്നശേഷി വിഭാഗങ്ങൾക്ക്‌ നടപ്പാക്കി വരുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് നിരാമയ. പദ്ധതിക്കുള്ള ഗുണഭോക്തൃ പ്രീമിയം തുക മുഴുവനായും 2017 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ സാമൂഹ്യനീതി വകുപ്പ് അടച്ച് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിരുന്നു. എഴുപത്തയ്യായിരം ഭിന്നശേഷിക്കാർ ഗുണഭോക്താക്കളായിരുന്ന പദ്ധതിയിൽ ചേരുന്നതിന് എപിഎൽ വിഭാഗത്തിന് 250 രൂപയും ബിപിഎൽ വിഭാഗത്തിന് 50 രൂപയുമാണ് സർക്കാർ അനുവദിച്ചിരുന്നത്.

മെഡിക്കൽ ഇൻഷുറൻസ് പദ്ധതികൾ ഏകോപിപ്പിക്കണമെന്ന പതിനാലാം പഞ്ചവത്സര പദ്ധതി നിർദേശത്തിൽ നിരാമയ അടക്കമുള്ള വിവിധ ഇൻഷുറൻസ് പദ്ധതികൾ ലയിപ്പിച്ച് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വിപുലീകരിക്കാനായിരുന്നു തീരുമാനം. ഇതേത്തുടർന്ന്, 2023 മുതൽ നിരാമയയ്‌ക്കായി ബജറ്റിൽ തുക ഉൾപ്പെടുത്തിയില്ല. എന്നാൽ, ‌‌ഭിന്നശേഷിക്കാർക്ക് മാത്രമായൊരു ഇൻഷുറൻസ് പദ്ധതി ആരംഭിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്നത് വിലയിരുത്തി നിരാമയയ്ക്ക് മുമ്പത്തെ പോലെ തുക പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തണമെന്നും എൽഎൽസി മുഖേന നടപ്പാക്കണമെന്നും സാമൂഹ്യനീതി മന്ത്രിയെന്ന നിലയിൽ നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായി നിരാമയ ഇൻഷുറൻസ് പദ്ധതി പുനരാരംഭിക്കാൻ തീരുമാനമായതെന്ന് മന്ത്രി അറിയിച്ചു.

Advertisements

 

ഭിന്നശേഷി ലോട്ടറി കച്ചവടക്കാർക്ക് 5000 രൂപ സഹായം

ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാർക്കുള്ള ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ അയ്യായിരം രൂപ വീതമുള്ള ധനസഹായമാണ് നൽകുന്നത്.

 

നാൽപ്പതു ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ളവർക്കാണ് ധനസഹായത്തിന് അർഹത. 2025ൽ ലോട്ടറി ഏജൻസി ഉള്ളവരായിരിക്കണം അപേക്ഷകർ. www.hpwc.kerala.gov.in വെബ്സൈറ്റിലെ ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് ഓൺലൈനായി വേണം അപേക്ഷിക്കാൻ. ജൂലൈ 10 വൈകിട്ട് അഞ്ചുവരെയാണ് അപേക്ഷകൾ സ്വീകരിക്കുക.

വിശദവിവരങ്ങൾ www.hpwc.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്. 0471 2347768, 94972 81896 എന്നീ ഫോൺ നമ്പറുകളിലും വിവരങ്ങൾ ലഭിക്കും.

 

 

Share news