ബൈക്കിടിച്ച് കാൽനട യാത്രക്കാരി മരിച്ചു
ബാലുശ്ശേരി: കരുമലയിൽ മോട്ടോർ സൈക്കിൾ ഇടിച്ച് കാൽനട യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. കെട്ടിന്റെ വളപ്പിൽ സുകുമാരന്റെ ഭാര്യ ഇന്ദിര (60) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് സംഭവം. കരുമലയിൽ നിന്നും ക്ഷേത്ര ദർശനം കഴിഞ്ഞ് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് പോകും വഴി കരുമല ബാങ്കിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്.

എകരൂൽ ഭാഗത്ത് നിന്ന് വരികയായിരുന്ന മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

