പത്തനംതിട്ട പോക്‌സോ കേസ്: പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസിൽ പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. അടൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റാണ് മൊഴിയെടുത്തത്. കേസിൽ ഇതുവരെ 30 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 59 പ്രതികളെ തിരിച്ചറിഞ്ഞു, 44 പേർ അറസ്റ്റിലായി. പീഡനത്തിന് സഹായം ചെയ്തു നൽകിയവരുൾപ്പെടെ അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ഇനി പതിനഞ്ച് പേർ കൂടി പിടിയിലാകാനുണ്ട്. ഒരു പ്രതി വിദേശത്താണ്. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. അന്വേഷണ പുരോഗതി വിലയിരുത്താൻ നാളെ പത്തനംതിട്ട എസ്പി ഓഫീസില്‍ അവലോകന യോഗം ചേരും.

പെൺകുട്ടിയുടെ മൊഴി പ്രകാരം 64 പേരാണ് അത്യപൂർവമായ ബലാത്സംഗ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. പഴുതടച്ച അന്വേഷണമാണ് ഡിഐജി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കുട്ടി നിലവിൽ കോന്നിയിലെ ഷെൽറ്റർ ഹോമിലാണ്. ആരോഗ്യനില തൃപ്തികരമാണ്. കുട്ടിക്ക് ആവശ്യമായ വൈദ്യ സഹായം ലഭിക്കുന്നുണ്ട്.

13 വയസ്സു മുതൽ പെൺകുട്ടി പീഡനത്തിന് ഇരയായതായാണ് വിവരം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെച്ചും പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചും ആളില്ലാത്ത ബസിനുള്ളിൽ വെച്ചും പൂട്ടിയിട്ട കടയുടെ പരിസരത്ത് വച്ചും ചില പ്രതികൾ ബലാത്സംഗത്തിന് ഇരയാക്കി ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തു തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. വാഹനത്തിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും പിടയിലായവരുടെ വീട്ടിലും ചുട്ടിപ്പാറയിലുമെല്ലാം എത്തിച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ.

ഇൻസ്റ്റാഗ്രാം വഴിയും കൂടാതെ പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്റിലും വെച്ചാണ് പ്രതികൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. ബസ് സ്റ്റാൻഡിൽനിന്നാണ് പലരും പെൺകുട്ടിയെ മറ്റുവാഹനങ്ങളിൽ കൂട്ടിക്കൊണ്ടു പോയത്. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ കാണിച്ച് പലരും വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. അറസ്റ്റിലായവരിൽ ഭൂരിഭാഗവും 30 വയസിനു താഴെയുള്ളവരാണ്. പ്ലസ്‌ടു വിദ്യാർഥികൾ ഉൾപ്പെടെ പല സ്ഥാപനങ്ങളിലും പഠിക്കുന്നവരും ഓട്ടോ ഡ്രൈവർമാരടക്കമുള്ളവരും കൂട്ടത്തിലുണ്ട്.

അറസ്റ്റിലായവരിൽ പലരും മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണ്. ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അതിനാൽ പോക്സാ വകുപ്പ് കൂടാതെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. സംഭവത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. പട്ടിക ഗോത്രവർഗ കമീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഒരാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
