KOYILANDY DIARY

The Perfect News Portal

പതഞ്ജലി പരസ്യ വിവാദം; സുപ്രീംകോടതിയില്‍ കുറ്റസമ്മതം നടത്തി ബാബാ രാംദേവ്

ന്യൂഡല്‍ഹി: പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ കുറ്റസമ്മതം നടത്തി ബാബാ രാംദേവ്. കോടതിയുടെ മുന്നില്‍ കള്ളം പറയരുതെന്നും കോടതിയില്‍ നടക്കുന്നത് എന്താണെന്ന് അറിയാതിരിക്കാന്‍ അത്ര നിഷ്‌കളങ്കനാണ് താങ്കളെന്നു കരുതുന്നില്ലെന്നും കോടതി രാംദേവിനോട് പറഞ്ഞു.തെറ്റു പറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമായിരുന്നു ബാബാ രാംദേവ് കോടതിയില്‍ പറഞ്ഞത്. കേസ് ഈ മാസം 23നു പരിഗണിക്കാനായി മാറ്റി.

തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നല്‍കിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ടു പോവുകയായിരുന്നു.

ഹരിദ്വാര്‍ ആസ്ഥാനമായുള്ള കമ്പനിക്കെതിരെ പ്രവര്‍ത്തിക്കാത്തതിന് ഉത്തരാഖണ്ഡ് സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചിരുന്നു. ഇതിനുപുറമെ രാംദേവിന്റെയും ബാലകൃഷ്ണയുടെയും രണ്ട് സെറ്റ് മാപ്പപേക്ഷകളും കോടതി തള്ളി. കഴിഞ്ഞയാഴ്ച നടന്ന വാദത്തിനിടെ പതഞ്ജലി സ്ഥാപകരെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു

Advertisements