തൊഴിലുറപ്പ് ബിൽ പാസാക്കിയത് ജനാധിപത്യവിരുദ്ധമായി’: വി ശിവദാസൻ എം പി
.
തൊഴിലുറപ്പ് ബിൽ കേന്ദ്രം പാസാക്കിയത് ജനാധിപത്യവിരുദ്ധമായെന്ന് വി ശിവദാസൻ എം പി. ബില്ലിന് മുകളിൽ സംസാരിക്കാൻ വേണ്ട സമയം അനുവദിച്ചില്ലെന്നും എം പി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കി രാമന്‍റെ പേരുള്ള ബിൽ കൊണ്ടുവന്നു. തൊഴിലിന് ഉറപ്പ് നൽകാത്ത ബില്ലാണ് പാസാക്കിയതെന്നും അദ്ദേഹം വിമർശിച്ചു.

രാജവ്യാപകമായി കർഷക തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വി ശിവദാസൻ എം പി പറഞ്ഞു. പ്രതിഷേധത്തിന് പിന്തുണ നൽകും. കർഷകരുടെ പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിക്കുകയാണ് കേന്ദ്രസർക്കാർ. സമരങ്ങളെ എങ്ങനെ ഇല്ലാതാക്കാം എന്നാണ് കേന്ദ്രം ഗവേഷണം ചെയ്യുന്നത്. സമരം അടിച്ചമർത്തുന്നത് ആദ്യമായല്ല. ദില്ലിയെ പട്ടാള ഭരണത്തിലേക്ക് എത്തിക്കുകയാണ് ബിജെപിയെന്നും ശിവദാസൻ എം പി വിമർശിച്ചു.

തൊഴിലുറപ്പ് ബിൽ രണ്ടാം ഗാന്ധിവധത്തിന് തുല്യമെന്നും ഇന്ത്യയുടെ ചരിത്രത്തിൽ ഇതുപോലെ നിയമ നിർമ്മാണം നടന്നിട്ടില്ലെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പിയും പ്രതികരിച്ചിരുന്നു. യാതൊരുവിധ ചർച്ചകൾക്കും തയ്യാറാകാതെയും പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി നൽകാതെയും തിരക്കിട്ടാണ് കേന്ദ്രം ബില്ല് പാസാക്കിയത്. ഈ നിയമനിർമ്മാണത്തിനെതിരെ ഡിസംബർ 22-ന് ഇടതുപക്ഷ പാർട്ടികൾ ദേശീയതലത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




