ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍

ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്ന് വാരാണയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. ശൗചാലയം തിരഞ്ഞപ്പോള്‍ അബദ്ധത്തില്‍ കോക്പിറ്റിനടുത്ത് എത്തിയതാണെന്നാണ് യാത്രക്കാരന് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് യുവാവിന്റെ കൂടെയുണ്ടായിരുന്ന എട്ട് യാത്രക്കാരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

വിമാനം വാരണാസിയില്‍ ഇറങ്ങിയ ശേഷമാണ് യാത്രക്കാരന് കോക്പിറ്റിന് സമീപമെത്തിയതെന്ന് എയര്‍ ഇന്ത്യ വക്താവ് പറയുന്നു. സംഭവം ശ്രദ്ധയില്പ്പെട്ടയുടെ വിമാനത്തിലെ ജീവനക്കാര്‍ ഇയാളെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. യാത്രക്കാരന് ആദ്യമായാണ് വിമാനയാത്ര ചെയ്യുന്നതെന്നും അറിവില്ലായ്മ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. യാതൊരു സുരക്ഷാ വീഴ്ച്ചയും സംഭവിച്ചിട്ടില്ല. എന്നിരുന്നാലും സിഐഎസ്എഫ് ഈ വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

