പാർലമെന്റ് ശീതകാല സമ്മേളനം: വന്ദേമാതരത്തിൻ്റെ 150 -ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ചർച്ച നടക്കും
.
പാർലമെന്റ് ശീതകാല സമ്മേളനം പുരോഗമിക്കുന്നു. ലോക്സഭയിൽ ഇന്ന് വന്ദേമാതരത്തിൻ്റെ 150 -ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ചർച്ച നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചക്ക് തുടക്കമിടും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മറ്റ് മന്ത്രിമാരും 10 മണിക്കൂര്‍ ചർച്ചയിൽ പങ്കെടുക്കും. പ്രതിപക്ഷത്തുനിന്ന് ഗൗരവ് ഗോഗോയി, പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ സംസാരിക്കും.

അതേസമയം ഇൻഡിഗോ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളിൽ രാജ്യസഭയിൽ പ്രതിപക്ഷം പ്രതിഷേധിക്കും. ഇന്നും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ കമ്പനിക്ക് ഒരു ദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ട്.

നാളെ രാജ്യസഭയിൽ, വന്ദേമാതര ചര്‍ച്ചക്ക് ആഭ്യന്തരമന്ത്രി അമിത് ഷായാണ് തുടക്കം കുറിക്കുക. നാളെയും മറ്റന്നാളും ലോക്സഭയില്‍ എസ്ഐആറിൻ മേലുള്ള ചര്‍ച്ചയും നടക്കും. പ്രതിപക്ഷത്തുനിന്ന് രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ അടക്കമുള്ളവര്‍ സംസാരിക്കും. 10, 11 തീയതികളിൽ ആയിരിക്കും രാജ്യസഭയിൽ എസ്ഐആര്റിൽ ചർച്ച നടക്കുക.




