പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിക്കെതിരെ ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഭർത്താവ് രാഹുൽ പി ഗോപാൽ അടക്കം അഞ്ച് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. രാഹുൽ പി ഗോപാൽ ഒന്നാം പ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്. സഹോദരി മൂന്നും പ്രതിയും രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവിൽ പൊലീസ് ഓഫീസർ ശരത് ലാൽ അഞ്ചാം പ്രതിയുമായാണ് കുറ്റപത്രം.

കേസിൽ എഫ്‌ഐആറിട്ട് 60-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. അതേസമയം സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് രാഹുൽ തന്നെ മർദിച്ചതെന്ന കാര്യങ്ങളടക്കം കള്ളമാണെന്നും വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. അഭിഭാഷകൻ പറഞ്ഞത് അനുസരിച്ചാണ് സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ഉന്നയിച്ചതെന്നും വീഡിയോയിൽ പറഞ്ഞിരുന്നു.

മാട്രിമോണിയിലൂടെ പരിചയപ്പെട്ട വ്യക്തിയുമായി ചാറ്റ് ചെയ്ത സംബന്ധിച്ച തെറ്റിദ്ധാരണയിലാണ് രാഹുൽ മർദിച്ചത്. ബാത്റൂമിൽ വീണാണ് തലയിൽ മുഴ ഉണ്ടായത്. ഇത്പരസ്പരം തമ്മിൽ സംസാരിച്ചു തീർക്കുകയും ചെയ്തിരുന്നു. ബെൽറ്റ് വെച്ച് അടിച്ചതും ചാർജറിന്റെ കേബിൾ വെച്ച് കഴുത്ത് മുറുക്കിയെന്നതും കള്ളമാണ്. താൻ ബ്രെയിൻ വാഷ് ചെയ്യപ്പെട്ടു.

ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുടെ മുന്നിലാണ് മാധ്യമങ്ങൾക്ക് മുന്നിലും പൊലീസിലും ആരോപണം ഉന്നയിച്ചത്. ആ സമയത്ത് ഭയന്ന് മനസ്സില്ലാ മനസ്സോടെയാണ് ഈ കാര്യങ്ങളെല്ലാം പറയേണ്ടി വന്നതെന്നും യുവതി പറഞ്ഞു. തുടർന്ന് ഡൽഹിയിൽ നിന്നും നാട്ടിലെത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ വീട്ടുകാർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് പറഞ്ഞ യുവതി തിരികെ ഡൽഹിയിലേക്ക് പോയിരുന്നു.

ഇതിന് പിന്നാലെ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതി രാഹുൽ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ചു പോകാൻ തീരുമാനിച്ചു. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
